വിദൂരവിദ്യാഭ്യാസ രീതി: ഫീസിൽ കുറവ് വരുത്താൻ പാടില്ലെന്ന് ദുബായ് കെഎച്ച്ഡിഎ

സർക്കാർ നിർദേശപ്രകാരം സ്കൂളുകൾ അടച്ചിടേണ്ടി വരുന്ന ഘട്ടത്തിലായാലും പഠനപ്രക്രിയ മുടങ്ങാതെ നടക്കുന്നുണ്ടെങ്കിൽ ഫീസ് നൽകുന്നതിൽ മാറ്റമുണ്ടാകില്ല
Distance education method: Dubai KHDA says fees should not be reduced

വിദൂരവിദ്യാഭ്യാസ രീതി: ഫീസിൽ കുറവ് വരുത്താൻ പാടില്ലെന്ന് ദുബായ് കെഎച്ച്ഡിഎ

Updated on

ദുബായ് : വിദൂരവിദ്യാഭ്യാസ രീതിയിലേക്ക് അധ്യയനം മാറിയെന്ന കാരണത്താൽ സ്കൂൾ ഫീസിൽ കുറവ് വരുത്താൻ സ്കൂളുകൾക്ക് അനുവാദമില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി. അധികൃതർ അംഗീകരിച്ച രീതിയിലുള്ള ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാമുകൾ സ്കൂളുകൾ കൃത്യമായി നൽകുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ മുഴുവൻ ഫീസും നൽകാൻ ബാധ്യസ്ഥരാണ്. സർക്കാർ നിർദേശപ്രകാരം സ്കൂളുകൾ അടച്ചിടേണ്ടി വരുന്ന ഘട്ടത്തിലായാലും പഠനപ്രക്രിയ മുടങ്ങാതെ നടക്കുന്നുണ്ടെങ്കിൽ ഫീസ് നൽകുന്നതിൽ മാറ്റമുണ്ടാകില്ല. ഇനി സ്കൂൾ ഓൺലൈൻ ക്ലാസുകൾ നൽകുന്നുണ്ടെങ്കിലും കുട്ടി അതിൽ പങ്കെടുക്കേണ്ടതില്ലെന്ന് രക്ഷിതാവ് തീരുമാനിച്ചാൽ പോലും അത് ഫീസ് നൽകാതിരിക്കാനോ കുറയ്ക്കാനോ ഉള്ള കാരണമായി കണക്കാക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

ഓൺലൈൻ ക്ലാസുകളുടെ ഗുണനിലവാരത്തെക്കുറിച്ചോ രീതികളെക്കുറിച്ചോ രക്ഷിതാക്കൾക്ക് ആക്ഷേപമുണ്ടെങ്കിൽ അത് സ്കൂളിന്‍റെ ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങൾ വഴിയാണ് അറിയിക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ ഒരു പരാതി നൽകി എന്നതുകൊണ്ട് ഫീസ് നൽകാതിരിക്കാൻ സാധിക്കില്ല.

പരാതിയിന്മേൽ അന്വേഷണം നടക്കുന്ന കാലയളവിലും മുഴുവൻ ഫീസും കൃത്യമായി അടച്ചിരിക്കണം. അതേസമയം, സ്കൂളിന്‍റെ നിയന്ത്രണത്തിലുള്ള കാരണങ്ങളാൽ സേവനം നൽകാൻ കഴിയാത്ത സാഹചര്യം വന്നാൽ ആ കാലയളവിലെ തുക തിരിച്ചുനൽകാൻ സ്കൂളുകൾക്ക് ബാധ്യതയുണ്ട്. 27-നകം എല്ലാ സ്കൂളുകളും പൂർണതോതിൽ നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറണമെന്നാണ് പുതിയ നിർദേശം. ഇതിനിടയിൽ സേവനങ്ങൾ വെട്ടിക്കുറയ്ക്കേണ്ടി വന്നാൽ അക്കാര്യം രക്ഷിതാക്കളെ മുൻകൂട്ടി അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com