

ദുബായിൽ ഡ്രൈവിംഗ് സിലബസ് പരിഷ്‌കരണം: ക്ലാസുകൾ ആരംഭിച്ചു
ദുബായ്: ദുബായിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് പുതിയ പരിശീലന രീതികൾ അവതരിപ്പിച്ച് ദുബായ് ആർടിഎ. ആധുനിക കാറുകളിലെ പുതിയ സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നത് കൂടി ഉൾപ്പെടുത്തിയാണ് ഡ്രൈവിംഗ് സിലബസ് പരിഷ്കരിച്ചിരിക്കുന്നത്.
കാറുകൾ തനിയെ ബ്രേക്ക് ചെയ്യുന്ന സംവിധാനം, ലെയ്ൻ മാറിപ്പോകുമ്പോൾ മുന്നറിയിപ്പ് നൽകുന്ന സെൻസറുകൾ, ബ്ലൈൻഡ് സ്പോട്ടുകൾ തിരിച്ചറിയുന്ന വിദ്യ എന്നിവ ഇനി പരിശീലനത്തിൽ ഉൾപ്പെടുത്തും..
തനിയെ പാർക്ക് ചെയ്യാൻ സഹായിക്കുന്ന 'ഓട്ടോമാറ്റിക് പാർക്കിംഗ്' പോലുള്ള ആധുനിക സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നും ഉദ്യോഗാർഥികളെ പഠിപ്പിക്കും.
റോഡപകടങ്ങൾ കുറയ്ക്കുകയും ഡ്രൈവർമാർക്ക് പുതിയ വാഹനങ്ങളിലെ സാങ്കേതിക വിദ്യകളെക്കുറിച്ച് കൃത്യമായ അറിവ് നൽകുകയുമാണ് ഇതിലൂടെ ദുബായ് ലക്ഷ്യമിടുന്നത്.
എല്ലാ ഡ്രൈവിംഗ് സ്കൂളുകളിലും പുതിയ രീതിയിലുള്ള ക്ലാസുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.