

ഐഎൽടി20 അഞ്ചാം സീസണിൽ ദുബായ് ക്യാപിറ്റൽസുമായി സഹകരിക്കാൻ ദുബായ് അൽ നഹ്ദ സെന്‍റർ; യുഎഇ ദേശീയ ദിനത്തിന് വിപുലമായ പരിപാടികൾ
ദുബായ്: ഡിപി വേൾഡ് ഇന്‍റർനാഷണൽ ലീഗ് ടി20 അഞ്ചാം സീസണിൽ ദുബായ് ക്യാപിറ്റൽസിന്‍റെ അസോസിയേറ്റ് പാർട്ണറായി അൽ നഹ്ദ സെന്‍റർ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
അനന്തര ഡൗൺടൗൺ ദുബായ് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. ഇതോടൊപ്പം അൽ നഹ്ദ സെന്‍ററിന്‍റെ യുഎഇ ദേശീയ ദിനാഘോഷ പരിപാടികളും ചടങ്ങിൽ പ്രഖ്യാപിച്ചു.
അൽ നഹ്ദ സെന്‍ററിനെ പ്രതിനിധീകരിച്ച് സിഇഒ നബീൽ അഹമ്മദ് മുഹമ്മദ്, ഡയറക്റ്റർ റാഷിദ് അസ്ലം എന്നിവരും, ദുബായ് ക്യാപിറ്റൽസിനെ പ്രതിനിധീകരിച്ച് ജിഎംആർ സ്പോർട്സ് ചീഫ് കൊമേഴ്സ്യൽ ഓഫീസറും റഗ്ബി പ്രീമിയർ ലീഗ് മേധാവിയുമായ സുജോയ് ഗാംഗുലി, ജിഎംആർ ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് അജിത് ഗോപിനാഥൻ നായർ എന്നിവരും കരാറിൽ ഒപ്പുവെച്ചു.
യുഎഇ ദേശീയ ക്രിക്കറ്റ് താരം ഹൈദർ അലി, അൽ നഹ്ദ സെന്‍റർ ഓപ്പറേഷൻസ് ഡയറക്ടർ ഫൈസൽ ബിൻ മുഹമ്മദ്, ദുബായ് ക്യാപിറ്റൽസ് എജിഎം ശിവകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രതിദിനം ആയിരക്കണക്കിന് താമസക്കാർക്ക് സേവനങ്ങൾ നൽകുന്ന സർക്കാർ സേവന കേന്ദ്രവും ദുബായുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ഫ്രാഞ്ചൈസിയും ഒന്നിക്കുന്നതിലൂടെ ആരാധകർക്കും ഉപഭോക്താക്കൾക്കും നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
സംയുക്ത ബ്രാൻഡിങ്, ഫാൻ എൻഗേജ്മെന്റ് പരിപാടികൾ, ദുബായ് ക്യാപിറ്റൽസിന്‍റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ നേടാനുള്ള മത്സരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ദുബായ് ക്യാപിറ്റൽസ് താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്‍റെയും വിസ നടപടികൾ പൂർണ്ണമായും കൈകാര്യം ചെയ്യുന്നത് അൽ നഹ്ദ സെന്‍ററായിരിക്കും.
ക്രിക്കറ്റിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുന്ന ദുബായ് ക്യാപിറ്റൽസും, ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ സർക്കാർ സേവനങ്ങൾ നൽകി ജനങ്ങളുടെ ജീവിതവും ഭാവിയും കെട്ടിപ്പടുക്കാൻ സഹായിക്കുന്ന അൽ നഹ്ദ സെന്‍ററും തമ്മിലുള്ള ബന്ധമാണ് ഈ പങ്കാളിത്തത്തിന്‍റെ കാതലെന്ന് ചടങ്ങിൽ സംസാരിച്ച അൽ നഹ്ദ സെന്‍റർ ഡയറക്ടർ റാഷിദ് അസ്ലം പറഞ്ഞു.
ഡിസംബർ 1-ന് അൽ നഹ്ദ സെന്‍ററിൽ 'പല രാജ്യക്കാർ, ഒരു പതാകയ്ക്ക് കീഴിൽ ഒന്നിച്ച്' എന്ന പ്രമേയത്തിൽ യുഎഇ 55-ാമത് ദേശീയ ദിനാഘോഷം നടക്കും. ചടങ്ങിൽ യുഎഇ പതാക ഉയർത്തലും, പരമ്പരാഗത എമിറാത്തി കലാപരിപാടികളും, സാംസ്കാരിക പരിപാടികളും അരങ്ങേറും.
വിസ സ്റ്റാമ്പിങ്, ബിസിനസ് ലൈസൻസിംഗ്, എമിറേറ്റ്സ് ഐഡി, മെഡിക്കൽ ഫിറ്റ്നസ്, ലേബർ സേവനങ്ങൾ, ഇജാരി, ദുബായ് കോർട്ട് നോട്ടറി സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സമഗ്ര സർക്കാർ സേവനങ്ങൾ അൽ നഹ്ദ സെന്‍റർ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ നൽകുന്നുണ്ട്.