കഞ്ചാവ് കടത്ത്: ബംഗ്ലാദേശി യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി

ഒരു ഇടപാടിന് 300 ദിർഹം മുതൽ 500 ദിർഹം വരെ നൽകി ബംഗ്ലാദേശി പ്രതിയിൽ നിന്ന് ഒന്നിലധികം തവണ കഞ്ചാവ് വാങ്ങിയതായി സുഡാനി സമ്മതിച്ചു.
Dubai Court Sentenced Drug supplier Life Imprisonment
കഞ്ചാവ് കടത്ത്: ബംഗ്ലാദേശി യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി Representative image for court
Updated on

ദുബായ്: മയക്കുമരുന്ന് കടത്തിയതിന് 35 കാരനായ ബംഗ്ലാദേശി യുവാവിനെ ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഉമ്മുൽ ഖുവൈൻ പോലീസിൻ്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയിൽ ദുബായിലെ അൽ നഹ്ദ ഏരിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റിൽ 30 വയസ്സുള്ള ജോർദാൻകാരനെ അധികൃതർ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം മയക്കുമരുന്ന് കടത്തുകാരിലേക്ക് എത്തിയത്. 33 കാരനായ സുഡാനിയിൽ നിന്ന് കഞ്ചാവ് വാങ്ങിയതായി ജോർദാൻ സ്വദേശി സമ്മതിച്ചു. 2023 സെപ്റ്റംബറിൽ ദുബായിൽ ഫെസ്റ്റിവൽ സിറ്റിക്ക് സമീപത്ത് നിന്ന് സുഡാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശി യുവാവിൽ നിന്നാണ് തനിക്ക് ലഹരി വസ്തുക്കൾ ലഭിച്ചതെന്ന് ഇയാൾ സമ്മതിച്ചു.

ഒരു ഇടപാടിന് 300 ദിർഹം മുതൽ 500 ദിർഹം വരെ നൽകി ബംഗ്ലാദേശി പ്രതിയിൽ നിന്ന് ഒന്നിലധികം തവണ കഞ്ചാവ് വാങ്ങിയതായി സുഡാനി സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശിയായ പ്രതി പിടിയിലായത്. ഇയാളുടെ അൽ നഹ്ദയിലെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി യുവാവും മറ്റുള്ളവരും തമ്മിൽ നടത്തിയ ആശയവിനിമയത്തിൻ്റെ തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയപ്പോൾ കോഡ് നാമങ്ങൾ ഉപയോഗിച്ചുള്ള നിരവധി മയക്കുമരുന്ന് ഇടപാടുകൾ ചർച്ച ചെയ്യുന്ന വാട്ട്‌സ്ആപ്പ് സംഭാഷണങ്ങൾ കണ്ടെത്തി.

കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ സാക്ഷിമൊഴികൾ, ഫോറൻസിക് റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി.തുടർന്ന് യു.എ.ഇ നിയമപ്രകാരം 25 വർഷത്തിന് തുല്യമായ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ അടുത്ത വർഷം ജനുവരി 22 ന് ദുബായിലെ അപ്പീൽ കോടതി പരിഗണിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com