

നിരക്ക് വർധനയില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
ദുബായ്: വേനൽക്കാലത്ത് വൈദ്യുതി, ജല ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിലും നിലവിലുള്ള നിരക്കുകളിൽ വർദ്ധനവ് വരുത്തില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ഇന്ധനവിലയിലും ഉൽപ്പാദനച്ചെലവിലും വലിയ വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കേണ്ടതില്ലെന്നാണ് അതോറിറ്റിയുടെ തീരുമാനം.
നൂതന സാങ്കേതികവിദ്യകളുടെയും ഹരിത ഊർജ്ജ സ്രോതസ്സുകളുടെയും കൃത്യമായ ആസൂത്രണത്തിന്‍റെയും സഹായത്തോടെയാണ് ഉൽപ്പാദനച്ചെലവ് നിയന്ത്രിച്ചു നിർത്താൻ ദേവയ്ക്ക് സാധിക്കുന്നത്.
നിലവിലെ നിരക്ക് ഘടന തന്നെ തുടരുന്നത് ദുബായിലെ സാധാരണക്കാരായ താമസക്കാർക്കും ബിസിനസ്സ് മേഖലയ്ക്കും വലിയ ആശ്വാസമാകും.
വേനൽക്കാലത്ത് കടുത്ത ചൂട് കാരണം എയർ കണ്ടീഷണറുകളുടെയും മറ്റും ഉപയോഗം വർദ്ധിക്കുന്നതിനാൽ ഉപഭോക്താക്കൾ ഊർജ്ജവും ജലവും വിവേകപൂർവ്വം ഉപയോഗിക്കണമെന്നും, ദുരുപയോഗം ഒഴിവാക്കണമെന്നും ദീവ അധികൃതർ അഭ്യർത്ഥിച്ചു.