

ഇവന്‍റ്സ് വിസിറ്റ് വിസ'യുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ദുബായ് ഇമിഗ്രേഷൻ
ദുബായ്: യുഎഇയിൽ സംഘടിപ്പിക്കുന്ന വിവിധ സമ്മേളനങ്ങൾ, ട്രേഡ് എക്സിബിഷനുകൾ, ഉച്ചകോടികൾ, കായിക-സാംസ്കാരിക ഫെസ്റ്റിവലുകൾ തുടങ്ങി ദേശീയ-അന്തർദേശീയ പരിപാടികളിൽ പങ്കെടുക്കുന്ന വിദേശികൾക്കായി അനുവദിക്കുന്ന പ്രത്യേക 'ഇവന്‍റ്സ് വിസിറ്റ് വിസ'യുടെ വിവരങ്ങൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് വിശദീകരിച്ചു.
സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, കായിക, മത, സാമൂഹിക മേഖലകളിലെ ഔദ്യോഗിക പരിപാടികളിൽ പങ്കാളികളാകുന്ന പ്രതിനിധികൾക്കും പ്രഭാഷകർക്കും പ്രദർശകർക്കും സന്ദർശകർക്കും യു.എ.ഇയിൽ താൽക്കാലികമായി പ്രവേശിക്കാൻ ഈ സംവിധാനം വഴി സാധിക്കും. സർക്കാർ സ്ഥാപനങ്ങൾക്കോ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾക്കോ മാത്രമാണ് ഇത്തരം വിസകൾക്ക് അപേക്ഷിക്കാൻ സാധിക്കുക.
അംഗീകൃത പരിപാടിയുടെ വിവരങ്ങളും പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര പ്രതിനിധികളുടെ എണ്ണവും കാണിച്ച് സംഘാടകർ ആദ്യം ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ക്വാട്ട അനുമതി വാങ്ങണം.
ക്വാട്ട അംഗീകാരം ലഭിച്ച ശേഷം മാത്രമേ അതിഥികൾക്ക് വിസ സ്പോൺസർ ചെയ്യാൻ സാധിക്കൂ. അപേക്ഷകർ പരിപാടിയുടെ വിവരവും ദൈർഘ്യവും വ്യക്തമാക്കുന്ന സംഘാടകരുടെ സ്പോൺസർഷിപ്പ് കത്തും ആവശ്യമായ മറ്റ് അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതുണ്ട്. 30 ദിവസമോ 60 ദിവസമോ താമസിക്കാവുന്ന വിസകൾ ലഭ്യമാണ്. കൂടാതെ സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി പ്രവേശന സൗകര്യങ്ങളും ഇതിനുണ്ട്.
ആവശ്യമായ സാഹചര്യങ്ങളിൽ കാലാവധി നീട്ടി പരമാവധി 120 ദിവസം വരെ രാജ്യത്ത് തുടരാനും അവസരമുണ്ട്. ഒന്നിലധികം ബിസിനസ് യോഗങ്ങളിലും പ്രദർശനങ്ങളിലും പങ്കെടുക്കേണ്ടവർക്ക് മൾട്ടിപ്പിൾ എൻട്രി സൗകര്യം ഏറെ പ്രയോജനകരമാണ്.