

അനധികൃത നഴ്സറികൾ പൂട്ടിച്ച് ദുബായ് പൊലീസ്
ദുബായ്: ദുബായിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ച 33 നഴ്സറികൾ പൂട്ടിച്ച് ദുബായ് പൊലീസ്. സംഭവത്തിൽ അനധികൃതമായി സ്ഥാപനങ്ങൾ നടത്തിവന്ന 34 പേരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിനുമായി നടത്തിയ പരിശോധനയിലാണ് നടപടി.
പരിശോധനയിൽ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളോ ലൈസൻസോ ഇല്ലാതെയാണ് നഴ്സറികൾ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. അനധികൃതമായി പ്രവർത്തിക്കുന്ന നഴ്സറികൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരേ കടുത്ത നിയമനടപടികൾ തുടരുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കൾ അംഗീകൃത നഴ്സറികളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ദുബായിലെ വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങൾ നിലനിർത്തുന്നതിനുമായി പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.