
ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ സംഘം ഡോക്യുമെന്‍റ് പരിശോധന കേന്ദ്രം സന്ദർശിച്ചു
ദുബായ്: ദുബായിലെ നീതിന്യായ, സുരക്ഷാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സംഘം ജി.ഡി. ആർ. എഫ് എ -യുടെ കീഴിലുള്ള ദുബായ് എയർപോർട്ടിലെ ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍റർ സന്ദർശിച്ചു. ദുബായ് അറ്റോർണി ജനറൽ കൗൺസിലർ എസ്സം ഈസ അൽ ഹുമൈദാൻ, അസിസ്റ്റന്‍റ് അറ്റോർണി ജനറൽ കൗൺസിലർ യൂസഫ് അൽ മുതവ്വ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ, ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
പ്രതിനിധി സംഘത്തിൽ കൗൺസിലർ സാമി അൽ ഷംസി (സീനിയർ അഡ്വക്കേറ്റ് ജനറൽ, ദുബായ് പ്രോസിക്യൂഷൻ മേധാവി), കൗൺസിലർ ഡോ. അലി ഹമീദ് ബിൻ ഖാത്തം (അഡ്വക്കേറ്റ് ജനറൽ, നാഷണാലിറ്റി ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ മേധാവി), കൗൺസിലർ യൂസഫ് ഫൗലാദ് (സീനിയർ അഡ്വക്കേറ്റ് ജനറൽ, ദെയ്‌റ പ്രോസിക്യൂഷൻ മേധാവി), കൗൺസിലർ സലാ ഫറൂഷ അൽ ഫലാസി (അഡ്വക്കേറ്റ് ജനറൽ, ട്രാഫിക് ആൻഡ് റോഡ് പ്രോസിക്യൂഷൻ മേധാവി), അറ്റോർണി ജനറലിന്‍റെ ഓഫീസിലെ ഡയറക്ടർ മുസ്തഫ അൽ ഷഹീൻ, കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷൻസ് മേധാവി താരീഖ് സൈഫ് എന്നിവരും ഉൾപ്പെട്ടിരുന്നു.
വ്യാജരേഖകൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് രേഖകൾ വിശകലനം ചെയ്യുന്നതും സങ്കീർണ്ണമായ വ്യാജരേഖകൾ തിരിച്ചറിയാനുമുള്ള നൂതന സംവിധാനങ്ങളും അറ്റോർണി ജനറലിന് ഉദ്യോഗസ്ഥർ പരിചയപ്പെടുത്തി.
വ്യാജരേഖകൾ കണ്ടെത്താനുള്ള സെന്‍ററിന്‍റെ മികവിനെ അറ്റോർണി ജനറൽ പ്രശംസിച്ചു. ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍റർ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും, എല്ലാ രേഖകളുടെയും കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ പബ്ലിക് പ്രോസിക്യൂഷനുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും അടുത്ത സഹകരണം പുലർത്തുന്നുണ്ടെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു. ദുബായിലെ ജുഡീഷ്യൽ, സുരക്ഷാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണമാണ് ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നതെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.