

ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച അടിയന്തര ധന സഹായം പ്രതിനിധികൾ വീടുകളിലെത്തിച്ചു.
ദുബായ്/ന്യൂഡൽഹി: ദുബായിലെ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് താങ്ങായി യുഎഇയിലെ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച അടിയന്തര ധന സഹായം ദുരന്തബാധിതരുടെ വീടുകളിലെത്തിച്ചു. അപകടത്തിൽ ജീവൻ നഷ്‌ടമായ ആറ് ഇന്ത്യൻ സ്വദേശികളുടെയും ഒരു ശ്രീലങ്കൻ പൗരന്‍റെയും കുടുംബങ്ങളെ ഡോ. ഷംഷീറിന്‍റെ പ്രതിനിധികൾ നേരിൽ സന്ദർശിച്ചാണ് ധനസഹായം കൈമാറിയത്.
ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച 2.6 കോടി രൂപയുടെ സഹായ പാക്കെജിന്‍റെ ഭാഗമായാണ് പ്രതിനിധി സംഘം വീടുകളിലെത്തി സഹായം കൈമാറിയത്. അപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതം കൈമാറി. ഇതിനു പുറമെ കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനുള്ള സഹായവും ലഭ്യമാക്കും.
തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ നിന്നുള്ള സലീം സയ്യിദ് ഹുസൈൻ (51), തിരുപ്പതി ഗൊല്ലപ്പള്ളി ചന്ദ്രയ്യ (23), നിർമൽ ജില്ലയിൽ നിന്നുള്ള അബ്ദുൽ റഫീഖ് അബ്ദുൽ റഹീം (37) എന്നിവരുടെ കുടുംബങ്ങളെ സംഘം നേരിൽ കണ്ടു. ഉത്തർപ്രദേശിൽ മൗ ജില്ലയിൽ നിന്നുള്ള അബ്ദുൽ റഷീദ് സക്കീർ ഹുസൈൻ (38), മർക്കണ്ഡേയ ചൗഹാൻ ഭജ്ജൻ ചൗഹാൻ (39), ബിജ്നോർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് സാഖിബ് ലിയാഖത്ത് അലി (31) എന്നിവരുടെ വീടുകളിലും സംഘം സന്ദർശനം നടത്തി.
മാവു സ്വദേശിയായ മർക്കണ്ഡേയ ചൗഹാന്‍റെ കുടുംബത്തെ സന്ദർശിക്കുന്നതിനിടെ ഡോ. ഷംഷീർ വീഡിയോ കോളിൽ കുടുംബവുമായി സംസാരിച്ചു. ബിഎസ്‌സി നഴ്സിങ് പഠിക്കാൻ ആഗ്രഹമുണ്ടെന്ന് മർക്കണ്ഡേയ ചൗഹാന്‍റെ മകൾ അങ്കിത അറിയിച്ചപ്പോൾ, അങ്കിതയുടെ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള എല്ലാ സഹായവും നൽകുമെന്ന് വിപിഎസ് ഹെൽത്ത് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ ഉറപ്പുനൽകി. പഠനം പൂർത്തിയാക്കിയ ശേഷം യുഎഇയിലേക്ക് കൊണ്ട് വരുന്നതിനുള്ള സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിൽ മരിച്ച ശ്രീലങ്കൻ പൗരനായ സാമുവൽ രംഗസാമിയുടെ (34) കൊളംബോയിലുള്ള കുടുംബത്തെയും ഡോ. ഷംഷീറിന്‍റെ പ്രതിനിധികൾ സന്ദർശിച്ച് ധനസഹായം കൈമാറി.
ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച അടിയന്തര ധന സഹായം പ്രതിനിധികൾ വീടുകളിലെത്തിച്ചു.
അപകടത്തിൽ പരിക്കേറ്റ മലയാളി ഉൾപ്പെടുന്ന ഒമ്പത് പ്രവാസികൾക്കും സാമ്പത്തിക സഹായം നൽകി. പരിക്കിന്‍റെ തീവ്രതയും ചികിത്സാ ആവശ്യങ്ങളും കണക്കിലെടുത്ത് തൊഴിലുടമയുമായി സഹകരിച്ചാണ് സാമ്പത്തിക സഹായം നൽകിയത്.
പരുക്കേറ്റവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള മൂന്നുപേരും, രാജസ്ഥാനിൽ നിന്നുള്ള രണ്ടുപേരും, കേരളം, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പടെ എട്ട് ഇന്ത്യാക്കാരാണുള്ളത്. ഒരാൾ നേപ്പാൾ സ്വദേശിയാണ്. ഇവരിൽ നാലുപേർക്ക് യുഎഇയിലാണ് സഹായംകൈമാറിയത്.