

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം 2026.
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും നവംബർ 15ന് നടത്തും. വൈകിട്ട് 3.30-ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. നടി ശ്വേത മേനോൻ ഭക്ഷണ ശാലകളുടെയും ഗെയിംസ് സ്റ്റാളുകളുടെയും ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
വൈകിട്ട് 5.30-ന് ഇടവക വികാരി ഫാ. അജു ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി വിശിഷ്ടാതിഥിയായും ചലച്ചിത്ര സംവിധായകൻ സിബി മലയിൽ മുഖ്യാതിഥിയായും പങ്കെടുക്കും.
പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമൻ ബാവയുടെ നാമധേയത്തിലുള്ള അവാർഡ് ലോകപ്രശസ്ത നാവികനും മുൻ നേവി കമാൻഡറുമായ അഭിലാഷ് ടോമിക്ക് ചടങ്ങിൽ സമ്മാനിക്കും. ദുബായ് സെന്റ് തോമസ് കത്തീഡ്രൽ യുവജന പ്രസ്ഥാനം ഏർപ്പെടുത്തിയ മാർ ദിവന്നാസ്യോസ് കാർഷിക അവാർഡ് സി. കെ. പൈലിക്ക് സമ്മാനിക്കും.
വൈകിട്ട് 7.45-ന് തുടങ്ങുന്ന സാംസ്കാരിക സന്ധ്യയിൽ നടൻ ജഗദീഷ് മുഖ്യാതിഥിയാകും. കീർത്തന, ഭരത് സജികുമാർ, ജമാൽ ജാസിം, മഹേഷ് കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
കൊയ്ത്തുത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. അജു ഏബ്രഹാം, സഹ വികാരി ഫാ. ചെറിയാൻ ജോസഫ്, ഇടവക ട്രസ്റ്റി ബാബു വർഗീസ്, സെക്രട്ടറി ബിനിൽ എം. സ്കറിയാ, ജനറൽ കൺവീനർ തോമസ് ജോസഫ്, ജോയിന്റ് കൺവീനർ ചെറിയാൻ ഉമ്മൻ, ജോയിന്റ് ട്രസ്റ്റി ജോബി ജോർജ്, ജോയിന്റ് സെക്രട്ടറി കുര്യൻ വർഗീസ് എന്നിവർ അറിയിച്ചു.