

ദുബായ് അൽ മംസാർ കോർണിഷ് വികസനം അവസാന ഘട്ടത്തിൽ
ദുബായ്: ദുബായ് അൽ മംസാർ കോർണിഷിൽ നടത്തുന്ന വികസന പദ്ധതിയുടെ 88 ശതമാനം പൂർത്തിയായി. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലിത പദ്ധതി സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. നിശ്ചയിച്ച സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി സന്ദർശനത്തിന് തുറന്നു നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
എമിറേറ്റിലെ പൊതു ബീച്ചുകൾ പുനർനിർവചിക്കുന്നതിൽ സുപ്രധാനമായ ചുവട്വെപ്പാണ് മംസാർ കോർണിഷ് വികസന പദ്ധതിയെന്നും അഹമ്മദ് ബിൻ ഗലിത വ്യക്തമാക്കി. വാസ്തുവിദ്യ മികവ്, പരിസ്ഥിതി സംരക്ഷണം എന്നിവ സമന്വയിപ്പിച്ച ഒരു പുതു തലമുറ കേന്ദ്രം താമസക്കാർക്കും സന്ദർശകർക്കും പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കായി പ്രത്യേക ബീച്ചുകൾ, രാത്രി നീന്തൽ സൗകര്യങ്ങൾ, സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചുറ്റുപാടും മതിൽകെട്ടൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കൂടാതെ ആരോഗ്യ സേവന സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ബീച്ചുകളുടെ മുൻവശത്തായി ഭക്ഷ്യ, പാനീയ ഔട്ട്ലറ്റുകൾ എന്നിവയും സജ്ജമാക്കും.