

ഈദ് അൽ ഫിത്വർ ആഘോഷങ്ങൾ: മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ദുബായ് പൊലീസ്
ദുബായ്: സുരക്ഷിതമായും സുഗമമായും പെരുന്നാൾ ആഘോഷിക്കുന്നതിന് ദുബായ് പൊലീസ് ഒരുക്കങ്ങൾ പൂർത്തിയാക്കി. പൊലീസിലെ ഓപറേഷൻസ് അസിസ്റ്റന്‍റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതിയുടെ അധ്യക്ഷതയിൽ ഇവന്‍റ്സ് സെക്യൂരിറ്റി കമ്മിറ്റി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.
ദുബായിലെ വിവിധ പൊലിസ് സ്റ്റേഷനുകളുടെ മേധാവികൾ, മാളുകളിലെയും വിനോദ സഞ്ചാര മേഖലകളിലെ സുരക്ഷാ തലവന്മാർ, ഇവന്‍റ്സ് സെക്യൂരിറ്റി കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന ഇടങ്ങളിൽ പട്രോളിങ് ശക്തമാക്കും
എല്ലാ പ്രധാന പള്ളികളും ഈദ് ഗാഹുകളും റോഡുകളും വാണിജ്യ കേന്ദ്രങ്ങളും ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളും തുറന്ന വിപണികളും ഉൾക്കൊള്ളുന്ന മേഖലയുടെ വിശദമായ സുരക്ഷാ പദ്ധതി കമ്മിറ്റി അവതരിപ്പിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും, തിരക്ക് ലഘൂകരിക്കുന്നതിനും, സുഗമമായ ഗതാഗതം നിലനിർത്തുന്നതിനുമായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് പ്രധാന മേഖലകളിൽ പട്രോളിങ് ശക്തമാക്കും.
34 മറൈൻ സെക്യൂരിറ്റി ബോട്ടുകൾ, 2 ഹെലി കോപ്റ്ററുകൾ, 138 ആംബുലൻസുകൾ, 10 മറൈൻ റെസ്ക്യൂ ബോട്ടുകൾ, 51 സൈക്കിൾ പട്രോളിംഗ്, 471 പൊലീസ് പട്രോളിങ്, 68 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 24 ചെറിയ ടോ ട്രക്കുകൾ, 21 ഓഫ്-റോഡ് റെസ്ക്യൂ വാഹനങ്ങൾ, 5 ദ്രുത പ്രതികരണ വാഹനങ്ങൾ, 5 ഓപറേഷൻ റൂമുകൾ തുടങ്ങിയവ അടങ്ങിയ കർമ പദ്ധതിയാണ് മേജർ ജനറൽ അൽ ഗൈതി അവതരിപ്പിച്ചത്.
അടിയന്തര ആവശ്യങ്ങൾ: പൊതു മാർഗനിർദേശങ്ങൾ
എല്ലാ ദിവസവും, 24 മണിക്കൂറും അടിയന്തര കോളുകൾ കൈകാര്യം ചെയ്യുന്നതിനും, വേഗത്തിലുള്ള പൊലിസ് പ്രതികരണം ഉറപ്പാക്കുന്നതിനും ദുബായ് പൊലീസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ പൂർണമായും സന്നദ്ധമായിരിക്കും. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും, അല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിലും വിളിച്ച് നിയമ ലംഘനങ്ങളോ നിരീക്ഷണങ്ങളോ റിപ്പോർട്ട് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. 'പൊലിസ് ഐ' സ്മാർട്ട് ആപ്പ് ഉപയോഗിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വേഗ പരിധി പാലിക്കുക, അശ്രദ്ധയോടെയുള്ള ഡ്രൈവിങ് ഒഴിവാക്കുക
അവധിക്കാലത്ത് വേഗ പരിധി പാലിക്കാനും അശ്രദ്ധമായ ഡ്രൈവിങ് ഒഴിവാക്കാനും മേജർ ജനറൽ അൽ ഗൈതി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ജെറ്റ് സ്കീ ഉപയോക്താക്കൾ ബീച്ചുകളിൽ കുടുംബ ഒത്തുചേരലുകൾ നടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കുളങ്ങൾ, ബീച്ചുകൾ, തിരക്കേറിയ പ്രദേശങ്ങൾ എന്നിവയ്ക്ക് സമീപം കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ അധികൃതർ ജനങ്ങളെ പ്രത്യേകം ഓർമിപ്പിച്ചു. ഓഫ് റോഡ് ഡ്രൈവർമാരോടും സൈക്ലിസ്റ്റുകളോടും, പ്രത്യേകിച്ച് മരു പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നവരോട് ജാഗ്രതയോടെ വാഹനമോടിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
പടക്കങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദേശം
ഈദ് അവധിക്കാലത്ത് കുട്ടികളെ പടക്കങ്ങൾ ഉപയോഗിച്ച് കളിക്കാൻ അനുവദിക്കരുതെന്ന് അൽ ഗൈതി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. അവ അശ്രദ്ധമായി ഉപയോഗിച്ചാൽ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളി താമസ മേഖലകളിൽ കായിക പരിപാടികൾ
ഇവന്‍റ്സ് സെക്യൂരിറ്റി കമ്മിറ്റി, പൊലീസ് സ്റ്റേഷൻ ഡയറക്ടേഴ്‌സ് കൗൺസിൽ, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ എന്നിവ സംയുക്തമായി അഞ്ച് പ്രധാന ലേബർ താമസ മേഖലകളിൽ സ്പോർട്സ് ടൂർണമെന്‍റുകൾ സംഘടിപ്പിക്കുന്നു.
ജബൽ അലി, ഹൂർ അൽ അൻസ്, അൽ സത്‍വ, മുഹൈസ്‌ന, അൽ ഖൂസ് എന്നിവിടങ്ങളിലാണ് സ്പോർട്സ് ടൂർണമെന്റുകൾ സംഘടിപ്പിക്കുക. ഒന്നും രണ്ടും ഈദ് ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 11 വരെ വോളിബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, വടംവലി മത്സരങ്ങൾ ഉണ്ടാകും.