അവധിക്ക് നാട്ടിൽ പോകുമ്പോൾ വാഹന പരിപാലനം ഉറപ്പുവരുത്തണം

അലംഭാവത്തിന് കനത്ത ശിക്ഷ നൽകുമെന്ന് ദുബായ് മുൻസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്
Dubai warns: Heavy fines for poorly parked vehicles

ഉടമ സ്ഥലത്തില്ലെങ്കിലും വാഹനത്തിന്‍റെ പരിപാലനം ഉറപ്പാക്കണം.

Representative image

Updated on

ദുബായ്: വേനലവധിക്ക് നാട്ടിലേക്ക് പോകുമ്പോഴോ താമസിക്കുന്ന സ്ഥലത്തുനിന്ന് ദീർഘനാൾ മാറിനിൽക്കേണ്ടി വരുമ്പോഴോ വാഹനങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കാതെ പൊതുസ്ഥലങ്ങളിലും പൊതു പാർക്കിങ് കേന്ദ്രങ്ങളിലും ഇട്ടുപോകുന്നതിനെതിരേ കർശന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി.

ഇത് നഗരത്തിന്‍റെ ഭംഗിയെ ബാധിക്കുമെന്നു മാത്രമല്ല വലിയ പിഴയും നിയമനടപടികളും ക്ഷണിച്ചുവരുത്തും. ഇതിൽ അലംഭാവം കാണിച്ചാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. നിർദേശം ലംഘിക്കുന്ന വാഹന ഉടമകൾക്ക് 500 ദിർഹം പിഴ ചുമത്തും. ഇതിനുപുറമെ വാഹനം അൽ അവിറിലെ മുനിസിപ്പാലിറ്റി യാർഡിലേക്ക് മാറ്റുന്നതിനുള്ള ചെലവും പാർക്കിങ് ഫീസും ഉടമ തന്നെ നൽകേണ്ടിവരും.

യാത്ര പോകുന്നതിന് മുൻപ് വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • വാഹനം ദീർഘനാൾ ശ്രദ്ധിക്കാതെയും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെയും ഇടരുത്.

  • പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ വാഹനം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ ആരെങ്കിലും ചുമതലപ്പെടുത്തുക.

  • വാഹനം സുരക്ഷിതമായി മൂടിയിടാൻ അനുയോജ്യമായ കവറുകൾ ഉപയോഗിക്കുക.

  • ആളൊഴിഞ്ഞ ഇടങ്ങളിലോ മണൽ നിറഞ്ഞ പ്രദേശങ്ങളിലോ വാഹനം പാർക്ക് ചെയ്യാതിരിക്കുക.

  • സുരക്ഷിതവും അംഗീകൃതവുമായ പാർക്കിങ് കേന്ദ്രങ്ങളിൽ മാത്രം വാഹനം സൂക്ഷിക്കുക.

  • അശ്രദ്ധമായി കിടക്കുന്ന വാഹനം ശ്രദ്ധയിൽ പെട്ടാൽ 3 മുതൽ 15 ദിവസം വരെ സമയം നൽകിക്കൊണ്ട് ഉടമയ്ക്ക് ആർടിഎ വഴി മൊബൈലിൽ എസ്എംഎസ് മുന്നറിയിപ്പ് ലഭിക്കും.

ഈ സമയപരിധിക്കുള്ളിൽ വാഹനം മാറ്റിയില്ലെങ്കിലോ വൃത്തിയാക്കിയില്ലെങ്കിലോ എമിറേറ്റ്സ് പാർക്കിങ് കമ്പനിയുമായി സഹകരിച്ച് വാഹനം പിടിച്ചെടുത്ത് മാറ്റും. നിർദിഷ്ട കാലാവധിക്കുള്ളിൽ വാഹനം വീണ്ടെടുത്തില്ലെങ്കിൽ പിന്നീട് ഇത് ലേലത്തിൽ വിൽക്കാനും സാധ്യതയുണ്ട്.

logo
Metro Vaartha
www.metrovaartha.com