

ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിന്‍റേതാണ് തീരുമാനം.
ഷാർജ: ഷാർജയിലെ ആരോഗ്യമേഖലയിലെ പ്രഫഷനലുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തി ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ. ആരോഗ്യരംഗത്തെ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം നിരീക്ഷണ-നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കുകയുമാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
ഷാർജ ഗവൺമെന്‍റിനു കീഴിലുള്ള പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫ്രീ സോണുകളിലെ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കും അവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ പുതിയ ഭേദഗതി ബാധകമായിരിക്കും.
ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക; മെഡിക്കൽ മേഖലയിലെ നിയമലംഘനങ്ങൾ തടയുകയും, അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും എമിറേറ്റിലെ ആരോഗ്യ സുരക്ഷ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിക്കുക എന്നിവയാണ് ലക്ഷ്യം. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.