
ഡോ. നീരജ് ഗുപ്ത
ദുബായ്: മെട്രൊ സ്റ്റേഷന് സമീപം ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ പ്രവാസിക്ക് രക്ഷകനായി ജോലിക്കിടയിലുള്ള ഇടവേളയിൽ തെരുവോരത്ത് ചായ കുടിക്കാനെത്തിയ ഡോക്റ്റർ. ദുബായിൽ താമസിക്കുന്ന 36 വയസുള്ള ഷെർവിൻ ശശിധരൻ ജോലി കഴിഞ്ഞ് മെട്രൊ സ്റ്റേഷനിലേക്ക് എത്തുന്നതിന് മുൻപാണ് കുഴഞ്ഞ് വീണത്. ചുറ്റും ആളുകൾ കൂടിയെങ്കിലും ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ സമയം ജോലിക്കിടയിലുള്ള ഇടവേളയിൽ റോഡിന് എതിർ വശത്ത് ചായ കുടിക്കാനെത്തിയ
ദുബായ് ഇൻവെസ്റ്റ്‌മെന്‍റ് പാർക്കിലുള്ള എൻഎംസി റോയൽ ആശുപത്രിയിലെ ഇന്‍റർവെൻഷണൽ കാർഡിയോളജി സ്പെഷ്യലിസ്റ്റ് ഡോ. നീരജ് ഗുപ്ത ഇക്കാര്യം ശ്രദ്ധിച്ചതാണ് ഷെർവിൻ ശശിധരന് പുതുജീവൻ ലഭിക്കാൻ കാരണമായത്. ഞാൻ അടുത്തെത്തിയപ്പോൾ അദ്ദേഹം വളരെയധികം വിയർക്കുന്നുണ്ടെന്നും മിനിറ്റിൽ നാല് തവണ മാത്രമേ ശ്വസിക്കുന്നുള്ളുവെന്നും ബോധ്യമായി. അത് ഹൃദയാഘാതമാണെന്ന് മനസിലായതോടെ വേഗത്തിൽ പ്രവർത്തിക്കേണ്ടിവന്നു. ഡോ. നീരജ് പറയുന്നു.
ആശുപത്രി അടുത്തായിരുന്നതിനാൽ വേഗത്തിൽ ആംബുലൻസ് വിളിക്കുകയും പ്രഥമ ശുശ്രൂഷ നൽകാൻ തുടങ്ങുകയും ചെയ്തു ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ രണ്ട് ഷോക്കുകൾ നൽകി, മൂന്നാമത്തേത് അത്യാഹിത വിഭാഗത്തിനുള്ളിൽ നൽകി. ആൻജിയോഗ്രാഫി പരിശോധനയിൽ ശശിധരന് ഗുരുതരമായ ഹൃദയാഘാതമാണെന്ന് കണ്ടെത്തി.
വലത് കൊറോണറി ആർട്ടറിയിൽ 100 ശതമാനം തടസവും ഇടതുവശത്ത് 90 ശതമാനം തടസവുമാണ് കണ്ടെത്തിയത്. രക്തയോട്ടം പുനഃസ്ഥാപിക്കാൻ നാല് സ്റ്റെന്‍റുകൾ സ്ഥാപിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു.
''ആ നിമിഷം ഡോക്റ്റർ അവിടെ എത്തിയില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഞാൻ വളരെ നന്ദിയുള്ളവനാണ്." ഷെർവിൻ ശശിധരൻ പറഞ്ഞു. മോശം ജീവിത ശൈലിയാണ് യുവാക്കളിൽ ഹൃദയാഘാതമുണ്ടാകാനുള്ള കാരണമെന്ന് ഡോ. നീരജ് അഭിപ്രായപ്പെട്ടു.