യുഎഇ 55-ാമത് ദേശീയ ദിനാഘോഷം: അബുദാബിയിലെ 'വെടിക്കെട്ട് സ്ഥല'ങ്ങളറിയാം

ഡിസംബർ 1 ചൊവ്വാഴ്ച രാത്രി 9 മണിക്ക് അബുദാബി കോർണിഷ്, അഡ്നെക് ഇന്‍റർനാഷണൽ ബോട്ട് ഷോ വേദി, അൽ ഐനിലെ നിശ്ചിത കേന്ദ്രം എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗം നടക്കും
Find out the fireworks locations in Abu Dhabi UAEs 55th National Day celebrations

യുഎഇ 55-ാമത് ദേശീയ ദിനാഘോഷം: അബുദാബിയിലെ 'വെടിക്കെട്ട് സ്ഥല'ങ്ങളറിയാം

Updated on: 

അബുദാബി: യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ നടക്കുന്ന കരിമരുന്ന് പ്രയോഗങ്ങളുടെ സ്ഥലങ്ങളും സമയക്രമവും അബുദാബി പൊലീസ് പ്രഖ്യാപിച്ചു. ഡിസംബർ 2 വരെയുള്ള ദിവസങ്ങളിലാണ് വിവിധ കേന്ദ്രങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ നടക്കുന്നത്.

ശനിയാഴ്ച രാത്രി 8.30-ന് നാല് കേന്ദ്രങ്ങളിൽ ആദ്യഘട്ട കരിമരുന്ന് പ്രയോഗം നടക്കും. അൽ റഹ്ബ സ്ക്വയർ, അൽ ഷംഖ മുനിസിപ്പൽ സർവീസ് സെന്ററിന് സമീപത്തെ തുറന്ന ഇടം , അൽ റിയാദ് സ്കൂളിന് സമീപത്തെ തുറന്ന ഇടം , അൽ ഫലാഹ് സിറ്റി എന്നിവിടങ്ങളിലാണ് വെടിക്കെട്ട്.

ഡിസംബർ 1 ചൊവ്വാഴ്ച രാത്രി 9 മണിക്ക് അബുദാബി കോർണിഷ്, അഡ്നെക് ഇന്‍റർനാഷണൽ ബോട്ട് ഷോ വേദി, അൽ ഐനിലെ നിശ്ചിത കേന്ദ്രം എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗം നടക്കും.

ദേശീയ ദിനമായ ഡിസംബർ 2 ബുധനാഴ്ച യാസ് ഐലൻഡിലെ യാസ് ബേ, അബുദാബിയിലെ എമിറേറ്റ്സ് പാലസ്, അൽ ദഫ്രയിലെ മദീനത്ത് സായിദ്, അൽ മിർഫയിലെ ബാബ് അൽ നുജൂം ക്യാമ്പ് അൽ മുഗൈറ, ഗയാത്തി സിറ്റി എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ അരങ്ങേറും. ചില കേന്ദ്രങ്ങളിൽ രാത്രി 8.30-നും മറ്റിടങ്ങളിൽ രാത്രി 9 മണിക്കുമാണ് കരിമരുന്ന് പ്രയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

ഇതിനുപുറമെ അൽ വാത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഡിസംബർ 1 മുതൽ 5 വരെ തുടർച്ചയായ 5 രാത്രികളിൽ രാത്രി 10 മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും. ഫെസ്റ്റിവൽ ഗ്രൗണ്ടിൽ പ്രവേശന ടിക്കറ്റുള്ളവർക്ക് ഇത് കാണാൻ സാധിക്കും.

കരിമരുന്ന് പ്രയോഗങ്ങൾക്ക് പുറമെ അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ വിവിധ മജ്‌ലിസുകളിലും പാർക്കുകളിലും സാംസ്കാരിക, സാമൂഹിക ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഖലീഫ സിറ്റി, അൽ ഫലാഹ് സിറ്റി, അൽ ഷംഖ സിറ്റി, അബുദാബി മജ്‌ലിസുകൾ, മദീനത്ത് സായിദ് പബ്ലിക് പാർക്ക്, അൽ ഗയാത്തി, മുഹമ്മദ് അൽ ഫലാഹി അൽ യാസി മജ്‌ലിസ്, അൽ ഐൻ മ്യൂസിയം മജ്‌ലിസ്, അൽ മസൗദി മജ്‌ലിസ്, മെസ്യാദ് മജ്‌ലിസ്, അൽ ക്വഅ മജ്‌ലിസ് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ നടക്കും.

പൊതുജനങ്ങൾ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നേരത്തെ യാത്ര പുറപ്പെടണമെന്നും അബുദാബി പൊലീസിന്‍റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.