ദുബായ്: മോൻ എണീറ്റ് ഉമ്മാ എന്ന് വിളിക്കുന്നത് കേൾക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ദുബായിൽ വാഹനാപകടക്കേസിൽ അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം ലഭിച്ച മലയാളി ഡെലിവറി ബോയ് ഷിഫിന്‍റെ പിതാവ് ഉമ്മർ കുമ്മാലി പറയുന്നു. ഇത്ര വലിയ തുക നഷ്ടപരിഹാരം ലഭിച്ചതിലുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഷിഫിന്‍റെ ചികിത്സക്ക് വേണ്ടി ലോകത്തെവിടെ വേണമെങ്കിലും പോകാൻ തയ്യാറാണെന്നും ഉമ്മർ പറഞ്ഞു. മകനെ വെല്ലൂരിലേക്ക് കൊണ്ടുപോകുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
ഇപ്പോൾ ആശാവഹമായ മാറ്റം ഉണ്ട്. നേരിയ തോതിൽ കൈകാലുകൾ ചലിപ്പിക്കുന്നുണ്ട്. മകൻ സാധാരണ നിലയിലേക്ക് മടങ്ങി വരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും പിതാവ് പറഞ്ഞു.
മകന്റെ ചികിത്സാച്ചെലവ് താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത തങ്ങളെ സംബന്ധിച്ച് ഈ തുക വലിയ ആശ്വാസമാണെന്ന് ഷിഫിന്റെ ഉമ്മ ജമീല പറഞ്ഞു. അഭിമാനത്തോടെ മകന്‍റെ ചികിത്സാച്ചെലവുകൾ വഹിക്കാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി. അന്തിമ വിധി വരുംവരെ കൂടെ നിന്ന ഫ്രാൻ ഗൾഫ് എന്ന സ്ഥാപനത്തോട് നന്ദി പറയുന്നുവെന്നും ഷിഫിന്‍റെ മാതാപിതാക്കൾ പ്രതികരിച്ചു.