ഫുജൈറ വാഹനാപകടത്തിൽ മരിച്ച ഇരട്ടകൾക്കും കുരുന്നിനും കണ്ണീരോടെ വിട നൽകി പ്രവാസികൾ

ഫുജൈറ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ ഇരട്ടകൾക്കും മൂന്നുവയസുകാരനും പ്രവാസികൾ കണ്ണീരോടെ വിട നൽകി
Fujairah accident death

മിസ്ന ജുബിൻ സിദ്ദീഖ്, അസ്മിൽ സിദ്ദീഖ്, മുഹമ്മദ് ഫായിസ്.

Updated on: 

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി ഇരട്ട സഹോദരങ്ങൾക്കും മൂന്നുവയസുകാരനും പ്രവാസലോകം കണ്ണീരോടെ വിടനൽകി. മലപ്പുറം വേങ്ങര എആർ നഗർ കുന്നുംപുറം സ്വദേശി ടി.കെ. സിദ്ദിഖിന്‍റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മിൽ സിദ്ദീഖ് (21), മിസ്ന ജുബിൻ സിദ്ദീഖ് (21), സിദ്ദിഖിന്‍റെ മൂത്ത മകൾ ഫർസാനയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരുടെ മയ്യിത്ത് നമസ്കാരവും ഖബറടക്കവും ജുമുഅ നമസ്കാരത്തിന് ശേഷം ഫുജൈറയിൽ നടത്തി.

പ്രവാസികളും സ്വദേശികളുമടക്കം നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാനും മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാനുമായി എത്തിയത്. ഒരുമിച്ച് ജനിച്ച് വളരുകയും പഠിക്കുകയും ചെയ്ത ഇരട്ട സഹോദരങ്ങളായ അസ്മിലിനും മിസ്നയ്ക്കും കുഞ്ഞ് ഫായിസിനും യുഎഇ മണ്ണിൽ തന്നെ അന്ത്യവിശ്രമമൊരുക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ഫുജൈറയിലെ പള്ളിയിൽ നടന്ന പൊതുദർശനത്തിനും മയ്യിത്ത് നമസ്കാരത്തിനും ശേഷം തൊട്ടടുത്തുള്ള ഖബർസ്ഥാനിൽ മൂവരെയും ഒരുമിച്ച് ഖബറടക്കി.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഫുജൈറ കോടതി സമുച്ചയത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ചികിത്സയിലുള്ള ആരിഫയും ഫർസാനയും കുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്.