
ഹരിതവത്കരണം: 190 മില്യൺ ദിർഹത്തിന്‍റെ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്: ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഹരിതവത്കരണത്തിന്‍റെ ഭാഗമായി ദുബായ് മുൻസിപ്പാലിറ്റി 190 മില്യൺ ദിർഹത്തിന്‍റെ പദ്ധതികൾ നടപ്പാക്കി. 3 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് പദ്ധതികൾ നടപ്പാക്കിയത്. ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റുമായുള്ള അൽ ഖൈൽ റോഡിന്‍റെ ജങ്ഷൻ , ട്രിപ്പോളി സ്ട്രീറ്റുമായുള്ള ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിന്‍റെ ജങ്ഷൻ, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായുള്ള ജംഗ്ഷനിൽ നിന്ന് അൽ മിന റോഡിലേക്കുള്ള ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, 7-ാമത് ഇന്‍റർചേഞ്ചിൽ നിന്ന് ഷെയ്ഖ് സായിദ് റോഡ് (അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള പ്രവേശന കവാടം ), അൽ അമർദി സ്ട്രീറ്റുമായുള്ള ജങ്ഷനിലെ അൽ ഖവാനീജ് സ്ട്രീറ്റ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ലാൻഡ്‌സ്കേപ്പിംഗ് പ്രവർത്തനങ്ങൾ നടത്തിയത്.
300,000-ത്തിലധികം വൃക്ഷ തൈകളാണ് ഇക്കാലയളവിൽ മുൻസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്. കൂടാതെ 2,22,500 ചതുരശ്ര മീറ്റർ പ്രദേശത്ത് പുൽത്തകിടികളും പൂക്കളും നട്ടുപിടിപ്പിച്ചു. ഭൂഗർഭ സ്മാർട്ട്, സുസ്ഥിര ജലസേചന സംവിധാനങ്ങൾ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്‍റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതികവിദ്യയിലധിഷ്ഠിതമായ റിമോട്ട് കൺട്രോൾ നെറ്റ്‌വർക്കുകളുമായി ഈ സംവിധാനങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു,
കോറിസിയ, വാഷിംഗ്ടോണിയ, റോയൽ പോയിൻസിയാന, മില്ലിംഗ്ടോണിയ, ആൽബിസിയ, ബൊഗൈൻവില്ല എന്നിവയുൾപ്പെടെയുള്ള അലങ്കാര ഇനങ്ങൾക്കൊപ്പം സിദ്ർ, ഗാഫ്, വേപ്പ് തുടങ്ങിയ നാടൻ മരങ്ങളും പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബായിയുടെ നഗര-സൗന്ദര്യം വർധിപ്പിക്കുന്നതിനും പൊതു ഇടങ്ങളുടെ ആകർഷണീയത മെച്ചപ്പെടുത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ലാൻഡ്‌സ്കേപ്പിംഗ് പദ്ധതികളെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗാലിറ്റ പറഞ്ഞു.
2024 ൽ മാത്രം പ്രതിദിനം ശരാശരി 600 പുതിയ മരങ്ങൾ എന്ന തോതിൽ മുനിസിപ്പാലിറ്റി 2,16,500 മരങ്ങൾ നട്ടുപിടിപ്പിച്ചു. 2023-ൽ 234 ഹെക്ടറായിരുന്ന ഹരിത ഇടങ്ങളുടെ ആകെ വിസ്തീർണം 2024-ൽ 391.5 ഹെക്ടറായി വർധിച്ചു.