

പെരുന്നാൾ ആഘോഷം: അനധികൃത പടക്ക ശേഖരം പിടികൂടി ഷാർജ പൊലീസ്
ഷാർജ: പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി അനധികൃതമായി എത്തിച്ച 60 ടൺ പടക്കങ്ങളും സ്ഫോടക വസ്തുക്കളും ഷാർജ പൊലീസ് പിടികൂടി.
ജനവാസ മേഖലകളിലെ വെയർഹൗസുകളിൽ അതീവ അപകടകരമായ രീതിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് പിടിച്ചെടുത്തത്. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അനധികൃതമായി പടക്കങ്ങൾ ശേഖരിക്കുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുമെതിരേ കർശന മുന്നറിയിപ്പുമായി ഷാർജ പൊലീസ്.
നിയമലംഘകർക്ക് ഒരു വർഷം തടവും കുറഞ്ഞത് 10 ലക്ഷം ദിർഹം പിഴയും ചുമത്തും. കുട്ടികളുടെ സുരക്ഷയ്ക്കു രക്ഷിതാക്കൾ പ്രത്യേക മുൻഗണന നൽകണമെന്നും പൊലീസ് ഓർമിപ്പിച്ചു.
ലൈസൻസില്ലാതെ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് അതീവ ഗുരുതര കുറ്റകൃത്യമായാണു യുഎഇ ഫെഡറൽ നിയമം കണക്കാക്കുന്നത്. നിയമവിരുദ്ധമായി പടക്ക വിൽപന ശ്രദ്ധയിൽപെട്ടാൽ 901 എന്ന നമ്പറിലോ പൊലീസിന്‍റെ സ്മാർട്ട് ആപ് വഴിയോ വിവരം അറിയിക്കണമെന്നും അഭ്യർഥിച്ചു. അനധികൃതമായി പടക്കംപൊട്ടിക്കുന്നവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് ദുബായ്, അബുദാബി പൊലീസും വ്യക്തമാക്കി. നിയമ ലംഘകരെ കുറിച്ച് 999 എന്ന നമ്പറിലോ 8002626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.