
ദുബായ്: ബ്രാൻഡ് ദുബായുടെ നേതൃത്വത്തിൽ ഹത്ത വിന്‍റർ ഫെസ്റ്റിവലിന്‍റെ ഭാഗമായി 'ഫോട്ടോ വാക്ക്' സംഘടിപ്പിച്ചു. പ്രൊഫഷണലുകളും അമച്വർ ഫോട്ടോഗ്രാഫർമാരും പങ്കെടുത്തു. പ്രകൃതിദത്തവും സാംസ്കാരികവുമായ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ ഹത്തയുടെ അതുല്യമായ മനോഹാരിത എടുത്തു കാണിക്കുന്നതായിരുന്നു ഫോട്ടോ വാക്ക്. 'ഫോട്ടോ യു.എ.ഇ'യുമായി സഹകരിച്ച് ഇമാറാത്തി ഫോട്ടോഗ്രാഫർ ഉലാ അല്ലൂസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ പരിചയ സമ്പന്നരായ ഫോട്ടോഗ്രാഫർമാർ പങ്കെടുത്തവർക്ക് മാർഗനിർദേശം നൽകുകയും ഹത്തയുടെ ഭംഗി പകർത്തുന്നതിനെ കുറിച്ചുള്ള ഉൾക്കാഴ്ചകളും സാങ്കേതിക വിദ്യകളും പങ്കിടുകയും ചെയ്തു.
ഫ്യൂജി ഫിലിം മിഡിൽ ഈസ്റ്റിന്‍റെ പിന്തുണയോടെ മേഖലയുടെ തനത് പ്രകൃതി ഭംഗിയുടെ ദൃശ്യ ശേഖരം നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
2024 ഡിസംബർ 13 മുതൽ 2025 ജനുവരി 22 വരെ നടക്കുന്ന ഹത്ത വിന്‍റർ ഫെസ്റ്റിവലിൽ ശില്പശാലകൾ സാംസ്കാരിക പരിപാടികൾ, ഫിറ്റ്നസ് സെഷനുകൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഹത്ത കൾച്ചറൽ നൈറ്റ്സ്, ഹത്ത ഹണി ഫെസ്റ്റിവൽ, ഹത്ത അഗ്രികൾച്ചറൽ ഫെസ്റ്റിവൽ, എന്നിവയാണ് മറ്റ് പ്രധാന പരിപാടികൾ.