കുടുംബാരോഗ്യം മെച്ചപ്പെടുത്തൽ; യുഎഇ കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും കരാറിൽ ഒപ്പുവച്ചു

കുടുംബങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ ആരോഗ്യ ബോധവൽക്കരണം, സമഗ്ര ആരോഗ്യ പരിപാലന പാക്കേജുകൾ എന്നിവ ഈ സഹകരണത്തിലൂടെ നടപ്പിലാക്കും
The UAE Ministry of Community Development and healthcare service provider Burjeel Holdings have signed a partnership agreement.

യുഎഇ കുടുംബ മന്ത്രാലയവും ആരോഗ്യ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സും പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു

Updated on

അബുദാബി: യുഎഇയിലെ കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്തുന്നതിനായി കുടുംബ മന്ത്രാലയവും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സും പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. കുടുംബത്തിന് മുൻഗണന നൽകിക്കൊണ്ട് ശക്തവും സുസ്ഥിരവുമായ സമൂഹം കെട്ടിപ്പടുക്കുകയെന്ന യുഎഇ ഭരണകൂടത്തിന്‍റെ കാഴ്ചപ്പാടിന് കരുത്തുപകരുന്നതാണ് ഈ പുതിയ പങ്കാളിത്തം. 'കുടുംബവർഷ'ത്തിന്‍റെ ഭാഗമായാണ് ധാരണാപത്രം നിലവിൽ വന്നത്.

അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടന്ന ചടങ്ങിൽ കുടുംബ മന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈൽ, ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിലെ സപ്പോർട്ട് സർവീസസ് സെക്റ്റർ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മർവ അൽ മർസൂഖിയും ബുർജീൽ ഹോൾഡിങ്സ് ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗം ഒമ്രാൻ അൽ ഖൂരിയും കരാറിൽ ഒപ്പുവച്ചു.

കുടുംബങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ ആരോഗ്യ ബോധവൽക്കരണം, സമഗ്ര ആരോഗ്യ പരിപാലന പാക്കേജുകൾ, മാനസികവും ശാരീരികവുമായ മികവ് ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികൾ എന്നിവ ഈ സഹകരണത്തിലൂടെ നടപ്പിലാക്കും. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, അമ്മമാർ, കുട്ടികൾ തുടങ്ങിയ പ്രാധാന്യമർഹിക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പരിപാടികൾ ഒരുക്കും. വിവാഹം, ഫെർട്ടിലിറ്റി, കുടുംബ വളർച്ച, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ദേശീയ നയങ്ങൾ രൂപീകരിക്കുന്നതിൽ ബുർജീൽ ഹോൾഡിങ്സിന്‍റെ ആതുരസേവന രംഗത്തെ വിദഗ്ധ സേവനവും നൂതന സങ്കേതങ്ങളും പ്രയോജനപ്പെടുത്തും. അംഗീകൃത പ്രൊഫഷണൽ നിലവാരത്തിൽ പരിചാരകരെ പരിശീലിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രോഗ്രാം, പ്രഥമ ശുശ്രൂഷ, അത്യാഹിത പ്രതികരണ പരിപാടികൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യകരവും ശക്തവുമായ കുടുംബങ്ങളിലൂടെ സുസ്ഥിര സമൂഹം വാർത്തെടുക്കുകയെന്ന യുഎഇ ലക്ഷ്യത്തോടൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com