

അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് നിലവിൽ ഈ സേവനങ്ങൾ നടത്തിവരുന്നത്
അബുദാബി: യുഎഇയിലെ ഇന്ത്യൻ കോൺസുലാർ, പാസ്‌പോർട്ട്, വീസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തി. ഭരണപരമായ കാരണങ്ങളെ തുടർന്ന് യുഎഇയിലെ നാല് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ യുഎഇയിൽ പ്രവർത്തിക്കുന്ന അംഗീകൃത ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളുടെ എണ്ണം പന്ത്രണ്ടായി ചുരുങ്ങി. അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് നിലവിൽ ഈ സേവനങ്ങൾ നടത്തിവരുന്നത്.
അബുദാബിയിലെ മുസഫ, അൽ റീം, ദുബായ് ഇൻവസ്റ്റ്‌മെന്റ് പാർക്ക്-1, ഷാർജ അൽ മജാസ് എന്നീ നാല് കേന്ദ്രങ്ങളുടെ പ്രവർത്തനമാണ് നിർത്തലാക്കിയത്. അൽ ദന, അൽ ഐൻ, മദീനത് സായിദ്, അൽ ദഫ്ര, ഗയാതി, ബർ ദുബായ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, അജ്മാൻ, ഉമ്മുഖുവൈൻ, റാസൽഖൈമ, ഫുജൈറ, ഖോർഫുക്കാൻ, കൽബ എന്നീ കേന്ദ്രങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് കാര്യാലയം വ്യക്തമാക്കി. ഈ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക് സേവനങ്ങൾ തടസമില്ലാതെ തുടർന്നും ലഭ്യമാകും.
രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെയാണ് ഈ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. മുൻകൂട്ടി അനുമതി എടുത്ത സമയത്തിന് പതിനഞ്ച് മിനിറ്റ് മുൻപ് മാത്രമാണ് അപേക്ഷകരെ കേന്ദ്രങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത്.
അടിയന്തര സാഹചര്യങ്ങൾ പരിഗണിച്ച് തത്കാൽ പാസ്‌പോർട്ട് സേവനങ്ങൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കൊപ്പം അറുപത് വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കായി എല്ലാ കേന്ദ്രങ്ങളിലും ക്യൂവിൽ നിൽക്കാതെ നേരിട്ടെത്തി അപേക്ഷ നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.