

പതിനഞ്ച് വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ ഇന്ത്യൻ അധ്യാപകന് 25 ലക്ഷത്തിന്‍റെ ലോട്ടറി
ദുബായ്: പതിനഞ്ച് വർഷം നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിൽ 25 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതിന്‍റെ സന്തോഷത്തിലാണ് ദുബായിലെ ഇന്ത്യൻ അധ്യാപകനായ റിതേഷ് ധനക്. ദുബായിലെ ബിഗ് ടിക്കറ്റിന്‍റെ പ്രതിവാരമുള്ള നറുക്കെടുപ്പിലാണ് 1,00,000 ദിർഹത്തിന്‍റെ ലോട്ടറി അടിച്ചത്. കഴിഞ്ഞ മുപ്പതു വർഷമായി ദുബായിലാണ് റിതേഷും കുടുംബവും താമസിക്കുന്നത്. പതിനഞ്ച് വർഷമായി സ്ഥിരമായി റിതേഷ് ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. എല്ലായ്പ്പോഴും സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റ് എടുക്കാറുള്ളത്.
എന്നാൽ ഇത്തവണ ടിക്കറ്റ് എടുക്കേണ്ടന്നായിരുന്നു റിതേഷിന്‍റെ തീരുമാനം. അപ്രതീക്ഷിതമായി വന്ന ഒരു ഓഫർ കോളാണ് തന്‍റെ മനസു മാറ്റിയതെന്ന് റിതേഷ് പറയുന്നു. രണ്ട് ടിക്കറ്റ് വാങ്ങിയാൽ ഒന്നു സൗജന്യമായി നൽകുന്ന ഓഫറായിരുന്നു അത്. അതു പ്രകാരം രണ്ട് സുഹൃത്തുക്കളെ കൂടി ചേർത്ത് രണ്ട് ദിവസം മുൻപാണ് റിതേഷ് ടിക്കറ്റ് വാങ്ങിയത്.
ആ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഒടുവിൽ തന്‍റെ പ്രാർഥനകൾ ദൈവം കേട്ടുവെന്ന് റിതേഷ് പറയുന്നു.
മകളുടെ ബിരുദപഠനത്തിനും കുടുംബമായി അവധിക്കാലം പങ്കിടുന്നതിനുമായി പണം ചെലവഴിക്കുമെന്ന് റിതേഷ് പറയുന്നു.