

ദുബായ് വിമാനത്താവളത്തിൽ ഇനി 5 മിനിറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ്
ദുബായ്: സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസുള്ള യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് നേടാം.
ജനറൽ ഡയറക്‌ട്രേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്– ദുബായ് , റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ,എമിറേറ്റ്സ് ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ലബ്, എമിറേറ്റ്‌സ് ബിസിനസ്‌മെൻ സർവീസസ് സെന്‍റർ ആമർ, എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനം ആരംഭിച്ചത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽസിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്‍ററിലാണ് സേവനം ലഭ്യമാക്കുന്നത്. യാത്രയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യുകയാണ് സേവനത്തിന്‍റെ ലക്ഷ്യം.
അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിനായി അപേക്ഷിക്കുന്നവർ എമിറേറ്റ്സ് ഐഡി, സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ടിന്‍റെ പകർപ്പ്, വ്യക്തിഗത ഫോട്ടോ എന്നിവ ഹാജരാക്കണം. സേവനം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാണ്.
ഉപയോക്താവിന്‍റെ യാത്രാനുഭവം സ്മാർട്ട് ട്രാവൽ ഇക്കോസിസ്റ്റത്തിന്‍റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ ഫോർ എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസി മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത് പറഞ്ഞു. തന്ത്രപ്രധാന പങ്കാളികൾ തമ്മിലുള്ള സഹകരണത്തിന്‍റെ നൂതന മാതൃകയാണ് ഈ സേവനമെന്ന് ദുബായ് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.