

ഡേവ് ഫിജി, ജെസ്നി സാം
ആലപ്പുഴ: വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന് വരനും പൈലറ്റും മരിച്ചു. യുഎസിലെ ജോർജിയയിൽ വച്ചാണ് മലയാളി ദമ്പതികളുടെ മകനായ ഡേവ് ഫിജി (26) മരിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജിന്‍റെയും ഫേബ ഫിജിയുടെയും മകനാണ് ഡേവ്. തലവടി സ്വദേശി സാം ഉമ്മൻ- ഷീല സാം ദമ്പതികളുടെ മകൾ ജെസ്നി സാം ആയിരുന്നു വധു. ജെസ്നിക്ക് സാരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്.
രണ്ടു കുടുംബങ്ങളും കുറേ വർഷങ്ങളായി യുഎസിൽ സ്ഥിരതാമസാണ്. ജോർജിയയിലെ ഡോസണിൽ മേയ് 29ന് രാത്രി 10.30നാണ് അപകടമുണ്ടായത്. 29ന് വൈകിട്ട് 4.30നായിരുന്നു വിവാഹം. വിവാഹശേഷം നടത്തിയ ഹെലികോപ്റ്റർ യാത്രയാണ് ദുരന്തമായി മാറിയത്.
അറ്റ്ലാന്‍റ എയർലൈൻസിലെ പൈലറ്റായിരുന്നു മരണപ്പെട്ട ഡേവ്. യാത്രയ്ക്കു മുൻപേ കാലാവസ്ഥയെക്കുറിച്ച് ഡേവ് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് അച്ഛൻ ഫിജി പറയുന്നു. വിസിബിലിറ്റി വളരെ കുറവായാൽ യാത്ര ചെയ്യാറില്ല എന്ന് ഡേവ് പറഞ്ഞു. എന്നാൽ വളരെ ഉയരത്തിൽ പറക്കാം എന്നായിരുന്നു പൈലറ്റിന്‍റെ മറുപടി. റോബിൻസൺ ആർ 66 ഹെലികോപ്റ്ററിലായിരുന്നു യാത്ര. യാത്ര തുടങ്ങി അധികം വൈകീാതെ ഡോസണിലെ ഉൾപ്രദേശത്തുള്ള ഒരു വനമേഖലയിൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. അപകടം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് രക്ഷാപ്രവർത്തകർ പ്രദേശത്തെത്തിയത്. ആറു മണിക്കൂറോളം വധു ജെസ്നി അപകടസ്ഥലത്ത് പരുക്കേറ്റ് കിടന്നു. നഴ്സായി ജോലി ചെയ്തിരുന്ന ജെസ്നിയും ഡേവും പത്തു വർഷമായി പ്രണയത്തിലായിരുന്നു. മരണപ്പെട്ട പൈലറ്റിന്‍റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.