
ദുബായ്: ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിൽ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ)യുടെ വൈദഗ്ധ്യത്തെ കുറിച്ചും, ദീവ വികസിപ്പിച്ച ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ സംബന്ധിച്ചും ഇന്നൊവേഷനുകളെ പറ്റിയും പഠിക്കാൻ കൊറിയൻ ഊർജ കമ്പനികൾ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ ദീവയുടെ സുസ്ഥിരതാ ഇന്നൊവേഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ്(ആർ.ആൻഡ്.ഡി) സെന്‍റർ സന്ദർശിച്ചു. 5,000 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കാണ് കേന്ദ്രം. ഗ്ലോബൽ എസ്.എ ഗ്രൂപ് സീനിയർ വൈസ് പ്രസിഡന്‍റ് സുങ് സൂ കിം സുവിന്‍റെ നേതൃത്വത്തിലുള്ള ഉന്നത തല പ്രതിനിധി സംഘമാണ് ദീവയുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനായി സന്ദർശനം നടത്തിയത്.
ദീവ ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രകാരം മിഡിൽ ഈസ്റ്റിലും ഉത്തരാ ഫ്രിക്കയിലും ആദ്യമായി ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ സൗരോർജം ഉപയോഗിക്കുന്നു. ഈ പദ്ധതിയനുസരിച്ച് ഭാവിയിലെ ഊർജ ഉൽപാദനത്തിനും മൊബിലിറ്റി ആപ്ലിക്കേഷനുകൾക്കുമായി രൂപകൽപന ചെയ്ത ടാങ്കിന് 12 മണിക്കൂർ വരെ ഹൈഡ്രജൻ സംഭരിക്കാൻ കഴിയും.
ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ നവീകരണത്തിനായുള്ള ആഗോള ഇൻകുബേറ്ററായ സസ്റ്റൈനബിലിറ്റി ആൻഡ് ഇന്നൊവേഷൻ സെന്‍ററിലെ ഉദ്യോഗസ്ഥർ കൊറിയൻ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.