

തൊഴിലിടങ്ങളിൽ സന്ദർശനം നടത്തി ദുബായ് ഇമിഗ്രേഷൻ ഉന്നത ഉദ്യോഗസ്ഥർ
ദുബായ്: നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളോട് തൊഴിലിടങ്ങളിൽ നേരിട്ടെത്തി കുശലാന്വേഷണം നടത്തി ദുബായ് ഇമിഗ്രേഷൻ ഉന്നത ഉദ്യോഗസ്ഥ സംഘം. ജി.ഡി.ആർ.എഫ്.എ ദുബായ് അസിസ്റ്റന്‍റ് ഡയറക്ടറും പെർമനന്‍റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും, കേണൽ ഒമർ മതർ അൽ മെസീനയും അടങ്ങുന്ന ഉന്നത സംഘമാണ് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിലെ നിർമ്മാണ മേഖലയിൽ തൊഴിലാളികളെ തേടിയെത്തിയത്.
വെയിലത്ത് പണിയെടുക്കുന്നവർക്ക് കുടിക്കാനുള്ള ശുദ്ധജല ലഭ്യത,ആരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിച്ചു. തൊഴിലാളികൾക്കിടയിലേക്ക് നടന്നിറങ്ങിയ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. സ്വന്തം നാടും വീടും വിട്ട് മണലാരണ്യത്തിൽ ജോലി ചെയ്യുന്ന മനുഷ്യർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുംഒരുക്കണമെന്ന് അദ്ദേഹം തൊഴിലുടമകൾക്ക് നിർദേശം നൽകി.
"തൊഴിലാളികളുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി, അവരുടെ ജീവിത നിലവാരം ഉയർത്തുന്ന നടപടികൾ കൈക്കൊള്ളുകയാണ് ഇത്തരം സന്ദർശനങ്ങളുടെ ലക്ഷ്യം,”മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.
ദുബായുടെ വികസനത്തിൽ പങ്കാളികളാകുന്ന ഈ തൊഴിലാളികളെ അംഗീകരിക്കുന്ന നിലപാടാണ് ദുബായ് എപ്പോഴും സ്വീകരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി എല്ലാ വർഷവും പുതുവത്സര-ഈദ് ആഘോഷങ്ങളും, കലാ-കായിക മത്സരങ്ങളും തൊഴിലാളികൾക്ക് മാത്രമായി ദുബായ് ജി ഡി ആർ എഫ് എ നടത്തുന്നുണ്ട്.
നറുക്കെടുപ്പിലൂടെ ലക്ഷകണക്കിന് ദിർഹത്തിന്‍റെ സമ്മാനങ്ങൾ നൽകാനും ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നു.