യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് യുപിഐ ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമായ യുപിഐയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതി
Lulu offers special benefits for Indian visitors in the UAE shopping using UPI

യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് യുപിഐ ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

Updated on: 

ദുബായ്: യുഎഇയിലെ ലുലു സ്റ്റോറുകളിൽ യുപിഐ വഴി പണമടയ്ക്കുന്ന ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് ഉടൻ തന്നെ 10 ശതമാനം ഇളവ് ലഭിക്കുന്ന പ്രത്യേക ക്യാമ്പയിന് ലുലു സ്റ്റോറുകളിൽ തുടക്കമായി.എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമായ യുപിഐ യുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനുമാണ് പദ്ധതി. ഇതോടെ ഇന്ത്യയിൽ പതിവായി ഉപയോഗിക്കുന്ന യുപിഐ ആപ്പുകൾ വഴി യുഎഇയിലും പണമിടപാട് നടത്തി ഇളവ് നേടാൻ സന്ദർശകർക്ക് സാധിക്കും.

ഇതിന്‍റെ ഭാഗമായുള്ള ക്യാംപ‍യിൻ ദുബായ് സിലിക്കൺ ഒയാസിസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്ലോബൽ ഡയറക്ടർ സലിം എം.എ യുടെ സാന്നിദ്ധ്യത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാഡി വിഷ്ണു വർധൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു.

യുപിഐ യുടെ ഉപയോഗം യുഎഇയിൽ കൂടുതൽ വ്യാപകമാക്കുന്നതിനും ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങിനും ലുലുവിന്‍റെ ക്യാംപെയിൻ കരുത്തേകുമെന്ന് ഡോ. വിഷ്ണു വർധൻ റെഡ്ഡി പറഞ്ഞു. റീട്ടെയിൽ ഷോപ്പിങ്ങിന് നൽകുന്ന 10 ശതമാനം ഇളവ് ഇന്ത്യൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കാനുള്ള ലുലുവിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ക്യാംപെയിനെന്ന് സലിം എം.എ. പറഞ്ഞു. ഫോൺ പേ, ഗൂഗിൾ പേ ഉൾപ്പെടെയുള്ള അംഗീകൃത യുപിഐ ആപ്പുകൾ ഉപയോഗിച്ച് ക്യാംപെയിനിന്‍റെ ആനുകൂല്യം നേടാം. കുറഞ്ഞ വാങ്ങൽ തുകയെന്ന നിബന്ധനയില്ല. യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.