

ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ലൈസൻസ് ഏറ്റുവാങ്ങിയ പുതിയ പ്രൊഫഷണലുകൾ.
ദുബായ്: ദുബായിൽ ലൈസൻസുള്ള സാമൂഹിക, മനഃശാസ്ത്ര, വിദ്യാഭ്യാസ വിദഗ്ധരുടെ എണ്ണം 1,144 ആയി ഉയർന്നു. 'ദുബായ് സോഷ്യൽ അജണ്ട 33'-ന്‍റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിന്‍റെ ഭാഗമായി കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അഥോറിറ്റി സംഘടിപ്പിച്ച ചടങ്ങിൽ 38 പുതിയ പ്രൊഫഷണലുകൾ കൂടി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ലൈസൻസ് ഏറ്റുവാങ്ങിയതോടെയാണിത്. അൽ വർഖ മജ്‌ലിസിൽ നടന്ന ചടങ്ങിൽ ലൈസൻസ് സ്വീകരിച്ച പുതിയ ബാച്ചിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മലയാളി പ്രൊഫഷണലുകളും ഇടംപിടിച്ചിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദീർഘവീക്ഷണത്തിന് അനുസൃതമായി സാമൂഹിക സേവനമേഖലയിൽ ഉയർന്ന നിലവാരം ഉറപ്പാക്കാനാണ് ഈ ലൈസൻസിംഗ് പദ്ധതി നടപ്പാക്കുന്നത്. സിഡിഎ ഡയറക്റ്റർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ് പുതിയ ബാച്ചിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൃത്യമായ അക്കാഡമിക് യോഗ്യതയും പ്രൊഫഷണൽ മാനദണ്ഡങ്ങളും പൂർത്തിയാക്കിയ ശേഷമാണ് സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപകർ, ബിഹേവിയർ അനലിസ്റ്റുകൾ തുടങ്ങിയ വിദഗ്ധർക്ക് പ്രവർത്തനാനുമതി നൽകിയത്. പുതിയ ബാച്ചിലെ മലയാളികളുടെ സാന്നിധ്യം ഈ രംഗത്ത് നമ്മുടെ നാട്ടിൽ നിന്നുള്ള വിദഗ്ധർക്ക് ലഭിക്കുന്ന വലിയ അംഗീകാരത്തിന്‍റെ തെളിവുകൂടിയാണ്.
2024-ന്‍റെ തുടക്കത്തിൽ വെറും 450 ലൈസൻസുള്ള വിദഗ്ധർ മാത്രമുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് രണ്ടര വർഷം കൊണ്ട്ഇവരുടെ എണ്ണം 1,144 ലേക്ക് ഉയർന്നത്. 2026-ലെ നിയമം നമ്പർ 12 പ്രകാരമാണ് സാമൂഹിക പ്രൊഫഷണലുകളെ നിയന്ത്രിക്കാനും ലൈസൻസ് നൽകാനുമുള്ള അധികാരം സിഡിഎയ്ക്ക് നൽകിയിട്ടുള്ളത്.
അക്കാഡമിക് മികവിനൊപ്പം സേവനരംഗത്തെ ധാർമികതയും വിശ്വസ്തതയും ഉറപ്പാക്കാനാണ് പ്രൊഫഷണൽ സത്യപ്രതിജ്ഞ നിർബന്ധമാക്കിയിരിക്കുന്നതെന്നും, മനുഷ്യരിലേക്കും അവരുടെ ജീവിതനിലവാരത്തിലേക്കുമുള്ള നിക്ഷേപമാണ് ഇതെന്നും സി.ഡി.എ ഡയറക്റ്റർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ് വ്യക്തമാക്കി.