യുഎഇയുടെ സംസ്കാരവും മൂല്യങ്ങളും പരിചയപ്പെടുത്താൻ 'മാപിൾവുഡ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ'

ഫെസ്റ്റിവലിന്‍റെ ഭാഗമായി മാപിൾവുഡ് സ്കൂൾ പ്രത്യേക ഫോട്ടോഗ്രഫി മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്
Maplewood Zayed Heritage Festival to introduce the culture and values ​​of the UAE

യുഎഇയുടെ സംസ്കാരവും മൂല്യങ്ങളും പരിചയപ്പെടുത്താൻ 'മാപിൾവുഡ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ'

Updated on: 

അബുദാബി: യുഎഇയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും സാംസ്കാരിക പാരമ്പര്യവും രാജ്യത്തിന്‍റെ ഐക്യത്തിന്‍റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും മൂല്യങ്ങളും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെ മാപിൾവുഡ് കനേഡിയൻ ഇന്‍റർനാഷണൽ സ്കൂൾ ക്യാംപസിൽ 'മാപിൾവുഡ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ഒരു സ്കൂൾ ക്യാമ്പസിനെ പൊതുജനങ്ങൾക്കും വിവിധ രാജ്യക്കാരായ കുടുംബങ്ങൾക്കും സന്ദർശകർക്കും തുറന്നുകൊടുത്ത് യുഎഇയുടെ ചരിത്രവും പൈതൃകവും നേരിട്ട് അനുഭവിച്ചറിയാവുന്ന സാംസ്കാരിക വേദിയാക്കി മാറ്റുന്നു എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിലെ പതിവ് ആഘോഷങ്ങളിൽനിന്ന് വ്യത്യസ്തമായി, പൊതുസമൂഹത്തെ കൂടി പങ്കാളികളാക്കിക്കൊണ്ട് ഒരു സ്കൂൾ ക്യാമ്പസിൽ പൈതൃകോത്സവം സംഘടിപ്പിക്കുന്നത് യുഎഇയിൽ ആദ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ദർശനങ്ങളും മാനവിക മൂല്യങ്ങളും പൈതൃകവും പുതുതലമുറയിലേക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

55-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന മാപിൾവുഡ് കനേഡിയൻ ഇന്‍റർനാഷണൽ സ്കൂളിലെത്തിയാൽ എമിറാത്തി പരമ്പരാഗത ജീവിതരീതി, വസ്ത്രധാരണം, ഭക്ഷണസംസ്കാരം, കലാരൂപങ്ങൾ, സംഗീതം, നാടോടി പാരമ്പര്യങ്ങൾ, മരുഭൂമിയിലെ ജീവിതം, പരമ്പരാഗത കരകൗശലങ്ങൾ തുടങ്ങി യുഎഇയുടെ സാംസ്കാരിക സമ്പത്തിന്‍റെ വിവിധ വശങ്ങൾ സന്ദർശകർക്ക് പരിചയപ്പെടാം.

പ്രമുഖ വ്യവസായികളും ഇരട്ട സഹോദരന്മാരുമായ ഡോ. നജീബ് അബ്ദുൽ റഹ്മാനും ഡോ. മുജീബ് അബ്ദുൽ റഹ്മാനും നേതൃത്വം നൽകുന്ന അറബെസ്കോ ഹോൾഡിംഗ് കമ്പനിയുടെ മാനേജ്മെന്‍റിന് കീഴിലാണ് മാപിൾവുഡ് കനേഡിയൻ ഇന്‍റർനാഷണൽ സ്കൂൾ പ്രവർത്തിക്കുന്നത്.

വിദ്യാഭ്യാസത്തെ അക്കാദമിക് മികവിൽ മാത്രം ഒതുക്കാതെ, കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്തം, സാംസ്കാരിക ബോധം, നേതൃത്വപാടവം, മാനവിക മൂല്യങ്ങൾ, ആഗോള കാഴ്ചപ്പാട് എന്നിവ വളർത്തിയെടുക്കണമെന്നതാണ് മാനേജ്മെന്റിന്‍റെ ദീർഘകാല കാഴ്ചപ്പാട്.

ഫെസ്റ്റിവലിന്‍റെ ഭാഗമായി മാപിൾവുഡ് സ്കൂൾ പ്രത്യേക ഫോട്ടോഗ്രഫി മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെസ്റ്റിവലിൽ പകർത്തുന്ന ചിത്രങ്ങളിൽ യുഎഇയുടെ മൂല്യങ്ങൾ, പൈതൃകം, ഐക്യം, സംസ്കാരം, മാനവികത, ദേശീയ അഭിമാനം എന്നിവ ഏറ്റവും മനോഹരമായും അർഥവത്തായും പ്രതിഫലിപ്പിക്കുന്ന ചിത്രത്തിനാണ് പുരസ്കാരം നൽകുന്നത്.

പൊതുജനങ്ങൾക്കും ഫോട്ടോഗ്രാഫർമാർക്കും സന്ദർശകർക്കും മത്സരത്തിൽ പങ്കെടുക്കാം. യുഎഇയുടെ പൈതൃകവും ഫെസ്റ്റിവലിന്‍റെ യഥാർഥ സന്ദേശവും ഏറ്റവും മികച്ച രീതിയിൽ ആവിഷ്കരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് ഐഫോൺ 18 പ്രോ സമ്മാനമായി നൽകുമെന്ന് സ്കൂൾ പ്രഖ്യാപിച്ചിട്ടുണ്ട്.