
ദുബായ്: ഭാവഗായകൻ പി. ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പാട്ടുകൾ പാടി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് അക്കാഫ് മ്യൂസിക് ക്ലബ്. അക്കാഫ് ഓഡിറ്റോറിയത്തിൽ നടന്ന 'മഞ്ഞലയിൽ ജയേട്ടൻ' എന്ന അനുസ്മരണ പരിപാടി ജയചന്ദ്രന് പ്രിയപ്പെട്ട ശ്രീ ശബരീശാ ദീനദയാലാ എന്ന ഭക്തിഗാനത്തോടെയായിരുന്നു തുടങ്ങിയത്.
പിന്നീട് ഒന്നിനി ശ്രുതിതാഴ്ത്തി,മഞ്ഞലയിൽ മുങ്ങിത്തോർത്തി, രാസാത്തി ഉന്നൈ, ശരദിന്ദുമലർദീപനാളം,മലയാളഭാഷതൻ മാദകഭംഗി തുടങ്ങി വിവിധകാലങ്ങളിൽ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പാട്ടുകൾ വിവിധ കോളജ് അലുംനി ഗായകർ അവതരിപ്പിച്ചു.കേരനിരകളാടും എന്ന ഗാനം മുഴുവൻ ഗായകരും ഒരുമിച്ചുപാടിയതോടെ മൂന്നുമണിക്കൂർ നീണ്ടുനിന്ന അനുസ്മരണസദസ്സിന് പരിസമാപ്തിയായി. അക്കാഫ് ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ ഓരോ ഗാനങ്ങളെയും പരിചയപ്പെടുത്തി.
അക്കാഫ് ഡയറക്ടർ ബോർഡ് അംഗം ഷൈൻ ചന്ദ്രസേനൻ മുഖ്യപ്രഭാഷണം നടത്തി.അക്കാഫ് മ്യൂസിക് ക്ലബ് കൺവീനർ ഡോ: ജെറോ വർഗീസ് സ്വാഗതവും ജോയിന്‍റ് കൺവീനർ ജിതിൻ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.