
നീലക്കുറിഞ്ഞി ലാറ്ററൽ എൻട്രി ഫലപ്രഖ്യാപനവും, അക്ഷരയാനം ലൈബ്രറി ഉദ്ഘാടനവും
ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്റർ നീലക്കുറിഞ്ഞി ലാറ്ററൽ എൻട്രി ഫലപ്രഖ്യാപനവും, സുഗതാഞ്ജലി ചാപ്റ്റർ തല മത്സര ഫലപ്രഖ്യാപനവും, അക്ഷരയാനം ലൈബ്രറി ഉദ്ഘാടനവും മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ നീലക്കുറിഞ്ഞിയിലേക്കുള്ള ലാറ്ററൽ എൻട്രി പരീക്ഷ എഴുതിയ ദുബായ് ചാപ്റ്ററിലെ 20 വിദ്യാർഥികളും യോഗ്യത നേടിയതായി മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു. 11 വിദ്യാർഥികൾ A+ ഗ്രേഡും 9 വിദ്യാർഥികൾ A ഗ്രേഡും കരസ്ഥമാക്കി. മൂന്നുവർഷത്തെ നീലക്കുറിഞ്ഞി പഠനം പൂർത്തിയാക്കി കേരള സർക്കാർ നടത്തുന്ന പൊതു പരീക്ഷ വിജയിക്കുന്നവർക്ക് പത്താംതരം തത്തുല്യ സർട്ടിഫിക്കറ്റ് ലഭിക്കും.
മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്‍റെ ദുബായ് ചാപ്റ്റർ തല മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. ആറു മേഖലകളിൽ നിന്നായി സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 37 കുട്ടികൾ ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ശ്രീപാർവ്വതി, നിയ, ബ്രഹ്മദത്തൻ, ജൂനിയർ വിഭാഗത്തിൽ ആർഷ്യ, ശ്രീനിക, ശ്രേയ, സീനയർ വിഭാഗത്തിൽ അദിതി, ബിഥ്യ എന്നിവരാണ് ചാപ്റ്റർ തലത്തിൽ വിജയികളായി ആഗോളതലത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഡിഐപി തളിര്, ഖിസൈസ് വേഴാമ്പൽ, അക്ഷരവീട് എന്നീ പഠന കേന്ദ്രങ്ങളിൽ ആരംഭിച്ച "അക്ഷരയാനം" ലൈബ്രറിയുടെ പ്രവർത്തനവും ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
ഡിഐപി പഠന കേന്ദ്രത്തിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാജൻ കെ വി പുസ്തകങ്ങൾ വിതരണം ചെയ്തു. അക്ഷര വീട്, വേഴാമ്പൽ പഠന കേന്ദ്രങ്ങളിൽ സ്മിത മേനോൻ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ കൈമാറി.
ഓൺലൈനായി നടന്ന യോഗത്തിൽ പ്രസിഡണ്ട് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു. ചെയർമാൻ വിനോദ് നമ്പ്യാർ, വൈസ് പ്രസിഡന്‍റ് സർഗാ റോയ്, അക്കാഡമിക് കോർഡിനേറ്റർ സ്വപ്ന സജി, യുവകലാസാഹിതി പ്രസിഡണ്ട് സുഭാഷ് ദാസ്, ഓർമ്മ സാഹിത്യ വിഭാഗം കൺവീനർ അഡ്വ. അപർണ, എന്നിവർ പ്രസംഗിച്ചു. ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ സ്വാഗതവും ഐടി കോർഡിനേറ്റർ ഷംസി നന്ദിയും പറഞ്ഞു