

ഹോർമുസ് കടലിടുക്കിന് ബദലായി പുതിയ സമുദ്ര വാണിജ്യ പാത
ദുബായ്: ഹോർമുസ് കടലിടുക്കിന് ബദലായി യുഎ ഇ ക്കും സൗദിക്കും ഇടയിൽ പുതിയ വാണിജ്യ പാത യാഥാർത്ഥ്യമാകുന്നു.യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സമുദ്ര വാണിജ്യ പാത പ്രവർത്തനസജ്ജമാവുന്നത്.
ഷാർജയെയും സൗദിയിലെ ദമ്മാമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ തന്ത്രപ്രധാന ഇടനാഴി കടൽ-കര മാർഗങ്ങളെ സമന്വയിപ്പിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. യുഎഇയിലെ ഖോർഫക്കാൻ തുറമുഖം വഴി കടൽ മാർഗവും തുടർന്ന് റോഡ് മാർഗവും ഉപയോഗിച്ചാണ് ചരക്കുനീക്കം നടക്കുക. മേഖലയിലെ സംഘർഷങ്ങൾ മൂലം ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കി സുരക്ഷിതമായി ചരക്കുകൾ എത്തിക്കാൻ ഈ പാത സഹായിക്കും.
നിലവിലുള്ള റൂട്ടുകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിലും കൃത്യസമയത്തും ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പുതിയ സംവിധാനം വഴി സാധിക്കും. വിതരണ ശൃംഖലയുടെ കരുത്ത് വർദ്ധിപ്പിക്കുക, പരമ്പരാഗത പാതകളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതൽ സുഗമമാക്കുക എന്നിവയാണ് ഈ നീക്കത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യങ്ങൾ