"സിനിമയുടെ ലാഭനഷ്ട കണക്ക് പുറത്തു വിടുന്നതെന്തിന്"; വിമർശിച്ച് നിവിൻ പോളി

തനിക്കെതിരായ നല്ല വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതായും അതിന്‍റെ ഭാഗമായി ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.
NIvin pauly sarvam maya press meet

"സിനിമയുടെ ലാഭനഷ്ട കണക്ക് പുറത്തു വിടുന്നതെന്തിന്"; വിമർശിച്ച് നിവിൻ പോളി

Updated on

ദുബായ്: സിനിമയുടെ ലാഭനഷ്ടക്കണക്കുകള്‍ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ നടപടിയെ വിമർശിച്ച് നടൻ നിവിൻ പോളി. നിര്‍മ്മാതാക്കളുടെ ഇത്തരം നടപടികൾ തെറ്റാണെന്നും ഇത് മലയാള സിനിമയെ ദോഷകരമായി ബാധിക്കുമെന്നും നിവിന്‍ പോളി പറഞ്ഞു. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പുതിയ സിനിമയായ 'സര്‍വം മായ' എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരായ നിവിന്‍ പോളിയുടെ വിമര്‍ശനം.

ഈ വര്‍ഷത്തെ സിനിമകളുടെ ലാഭ നഷ്ട കണക്കുകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വിമര്‍ശനവുമായി നിവിന്‍ പോളി രംഗത്ത് എത്തിയത്. നല്ല സൃഷ്ടികളുണ്ടാക്കാന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത്. കണക്കുകള്‍ പുറത്തു വിടുന്ന പരിപാടി എന്തിനാണെന്ന് മനസിലായിട്ടില്ല. ഇത്രയും നാളും ഇല്ലാത്തതായിരുന്നു അതെന്നും, അങ്ങനെ വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരായ നല്ല വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതായും അതിന്‍റെ ഭാഗമായി ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.

അജുവുമൊത്ത് ജോലി ചെയ്യുകയെന്നുളളത് എപ്പോഴും സന്തോഷമുളള കാര്യമാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് അജുവുമൊത്തൊരു സിനിമ വരുന്നത്. സിനിമയിലുളള സുഹൃത്തെന്നതിനേക്കാള്‍ ഉപരി സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്താണ്, അതും ഒരുമിച്ചുളള രംഗങ്ങളില്‍ ഗുണം ചെയ്തുവെന്നും നിവിന്‍ പറഞ്ഞു. അജുവുമൊത്ത് വരുന്ന സിനിമകളില്‍ നല്ല കെമിസ്ട്രി തോന്നാറുണ്ടെന്നും നിവിൻ പറഞ്ഞു.

ആക്ഷന്‍ ഹീറോ ബിജുവിന്‍റെ രണ്ടാം ഭാഗം ആലോചിച്ചിരുന്നു. ചർച്ചയിൽ ചില ആശയകുഴപ്പങ്ങളുണ്ട്. അത് പരിഹരിക്കപ്പെട്ടാല്‍ രണ്ടാം ഭാഗമുണ്ടാകും. മറ്റ് സിനിമകളുടെ രണ്ടാം ഭാഗങ്ങൾ ഇപ്പോൾ പരിഗണയിൽ ഇല്ലെന്നും താരം വ്യക്തമാക്കി.

അന്തരിച്ച ശ്രീനിവാസന്‍റെ സാഹിത്യ-കലാ സംഭാവനകൾ മനുഷ്യ ജീവിത ഗന്ധികളായതിനാലാണ് അവ കാലാതീതമായി നിലനിൽക്കുന്നതെന്നും, അദ്ദേഹത്തിന്‍റെ ഓരോ സൃഷ്ടികളും അതിമഹത്തായ സന്ദേശങ്ങളാണെന്നും സംവിധായകൻ അഖിൽ സത്യൻ പറഞ്ഞു.

തന്‍റെ പിതാവ് സത്യൻ അന്തിക്കാടുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു ശ്രീനിവാസനെന്നും അവരുടെ കൂട്ടുകെട്ട് മലയാളി ജീവിതത്തിന്‍റെ മറക്കാനാവാത്ത അഭ്രാവിഷ്കാരങ്ങൾ നമുക്ക് സമ്മാനിച്ചുവെന്നും അഖിൽ പറഞ്ഞു. നിവിൻ, അജു എന്നിവർക്കൊപ്പം ജനാർദനൻ കൂടി ചേർന്നപ്പോൾ അപൂർവവും ഫലപ്രദവുമായ ഒരു കോംബോ രൂപപ്പെട്ടുവെന്ന് അഖിൽ പറഞ്ഞു.

ചിത്രത്തിലെ നായികയായ റിയ ഷിബുവിനെ ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചത് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്. നിർമാതാവ് രാജീവന്‍, നായിക റിയ ഷിബു, കെ.ആർ.ജി ഗ്രൂപ്പ് ചെയർമാനും നിർമാതാവുമായ കണ്ണൻ രവി എന്നിവരും ബറാക് റസ്‌റ്ററന്‍റ് പാർട്ടി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com