സവിശേഷമായ ഒരു ആഘോഷ കലണ്ടർ പിന്തുടരുന്നവരാണ് യു എ ഇ യിലെ മലയാളി സമൂഹം. തിരുവോണ ദിനം കടന്നുപോയെങ്കിലും പ്രവാസി മലയാളികൾക്ക് ക്രിസ്‌മസ് വരെ ഓണാഘോഷമാണ്. അടുത്ത വിഷു നാൾ വരെ ക്രിസ്മസ്-പുതുവത്സര ആഘോഷം നീളും. ഇത്തവണ ചെറിയ പെരുന്നാൾ വിഷുവിന് മുൻപേ എത്തുന്നതിനാൽ വിഷുവും ഈദുമൊക്കെ വേനൽ കടുക്കുന്നതിന് മുൻപ് അങ്ങ് ആഘോഷിച്ച് തീർക്കും. പിന്നെ അടുത്ത ഓണത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.
ഒത്തുകൂടാൻ ഒരിടം
തിയതിയിലും നാളിലുമൊക്കെ ചെറിയ ഏറ്റക്കുറച്ചിലുകൾ വന്നേക്കാമെങ്കിലും ഈ വട്ടമാണ് മലയാളിയുടെ ആഘോഷങ്ങളുടെ ന്യൂക്ലിയസ്. ആഘോഷങ്ങൾ ഇത്ര കണ്ട് നീളാൻ പല കാരണങ്ങളുണ്ട്. വാരാന്ത്യ അവധി ദിനങ്ങളിൽ മാത്രമെ ആഘോഷം സാധ്യമാവൂ. ഈ ദിവസങ്ങളിലാവട്ടെ ഹാളുകൾ കിട്ടാനില്ല എന്നതാണ് സ്ഥിതി. സംഘടനകളുടെയും കൂട്ടായ്മകളുടെയും എണ്ണത്തിന് ആനുപാതികമായി ഹാളുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഒത്തുചേരാൻ ഇടം കിട്ടുന്നത് വരെ ആഘോഷദിനം നീണ്ടുപോകും. ഒരു വർഷം മുൻപ് പോലും റസ്റ്റോറന്‍റ് അല്ലെങ്കിൽ ഹാൾ ബുക്ക് ചെയ്യുന്ന കൂട്ടായ്മകളുണ്ട്. ചിലർ റിസോർട്ടുകളിലും ഫാം ഹൗസുകളിലും വിശേഷ ദിനം ആഘോഷിക്കും.
മിക്ക പ്രവാസികളും മൂന്നും നാലും കൂട്ടായ്മകളിൽ അംഗങ്ങളായിരിക്കും.കുടുംബ കൂട്ടായ്മ,സ്കൂൾ - കോളേജ് അലുംനി, നാട്ടുകാരുടെ കൂട്ടം,തൊഴിലിടത്തെ ഔദ്യോഗിക കൂട്ടം,സുഹൃദ്‌സംഘം അങ്ങനെ അങ്ങനെ ..ഒന്നും മിസ്സാക്കാൻ വയ്യ. അതുകൊണ്ട് ഡേറ്റ് ക്ലാഷ് ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ആദ്യ വെല്ലുവിളി.
സദ്യയും ഓണക്കോടിയും കെങ്കേമമാകണം
അത് കഴിഞ്ഞാൽ ഒത്തുചേരാൻ ഒരിടം. പിന്നെയാണ് 'ആമാശയ' പ്രതിസന്ധി, രുചിയുള്ള ആഹാരം ഉറപ്പുവരുത്തണം. ആ കടമ്പ കഴിഞ്ഞാൽ പിന്നെ ഒരു പ്രധാന ഹർഡിൽ കൂടി ചാടി കടക്കേണ്ടതുണ്ട്. അത് ഡ്രസ്സ് കോഡ് എന്ന ബൃഹത്തായ ഒരു ടാസ്ക് തന്നെയാണ്.ഒന്നിലും ഒരേ വേഷം ആവർത്തിക്കാൻ പാടില്ല, സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് പുരുഷന്മാർ കുറച്ചൊക്കെ അങ്ങ് അഡ്ജസ്റ്റ് ചെയ്യും. എന്നാൽ കുടുംബനാഥകളോ എന്തിലും സമരസപ്പെടും,എന്നാൽ വസ്ത്രാഭരണസൗന്ദര്യ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട.
നാട്ടിൽ നിന്ന് നോക്കുമ്പോൾ പ്രവാസികൾ എത്ര ഭാഗ്യവാന്മാരാണ്, എത്രയെത്ര ആഘോഷങ്ങൾ! ഓരോ ആഘോഷവും അവിസ്മരണീയമാക്കാനുള്ള പെടാപ്പാട് അവർക്കേ അറിയൂ. എങ്കിലും ഞങ്ങൾ ആഘോഷിക്കും ഞങ്ങളുടെ നാടിനെ ഞങ്ങൾ തിരിച്ചുപിടിക്കുന്നത് ഇങ്ങനെയാണ് .
ഓണാഘോഷത്തിൽ മതിമറന്ന്
ആഘോഷങ്ങൾക്ക് ജാതി-മത-വർഗ-വർണ ഭേദമില്ലാതെ ഇടമാണ് ഇത്. കോർപറേറ്റ് കമ്പനികൾ മുതൽ ചെറു കുടുംബകൂട്ടായ്മ വരെ മതിമറന്ന് ഓണം ആഘോഷിക്കുന്നു.ദുബായിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുമുള്ളവർ ജോലി ചെയ്യുന്ന കോർപറേറ്റ് സ്ഥാപനങ്ങളിലും ഓണം ആഘോഷിച്ചു. ഡെകഗൺ സ്കഫോൾഡിങ്ങ് ആൻഡ് എൻജിനീയറിങ്ങ് കമ്പനിയിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. മാവേലിയുടെ സാന്നിധ്യത്തിൽ ഓണസദ്യ, ഓണക്കളികൾ,മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടത്തി. ഒരു ദിവസം നീണ്ട് നിന്ന ആഘോഷങ്ങൾക്ക് മാനേജിങ്ങ് ഡയറക്ടർ ബിജു ബി.എസ്. ഡയറക്ടർ ബെൻ ശ്രീ ബിജു എന്നിവർ നേതൃത്വം നൽകി.