

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: ദുബായിൽ രണ്ട് യുവതികൾക്ക് 7 ലക്ഷം ദിർഹം പിഴ
ദുബായ്: സോഷ്യൽ മീഡിയ വഴി വ്യാജ നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ട് യുവതികൾക്ക് ദുബായ് കോടതി 7 ലക്ഷം ദിർഹം പിഴ ചുമത്തി.
കുറഞ്ഞ കാലയളവിൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്.
പ്രമുഖ ട്രേഡിങ് കമ്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളും ഉപയോഗിച്ചായിരുന്നു ഇടപാടുകൾ. നിക്ഷേപം നടത്തിക്കഴിഞ്ഞാൽ ലാഭം പിൻവലിക്കാൻ സാധിക്കാതെ വരികയും പിന്നീട് ഇവരുമായുള്ള ആശയവിനിമയം വിച്ഛേദിക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. പിഴ തുകയ്ക്ക് പുറമെ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
അപരിചിതരായ വ്യക്തികൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന നിക്ഷേപ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ദുബായ് പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. ഔദ്യോഗികമായി അംഗീകാരമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ വഴി മാത്രം നിക്ഷേപങ്ങൾ നടത്തണമെന്നും തട്ടിപ്പിനിരയായാൽ ഉടൻ തന്നെ പൊലീസിന്‍റെ ഇ- ക്രൈം പ്ലാറ്റ്‌ഫോം വഴി പരാതിപ്പെടണമെന്നും അധികൃതർ അറിയിച്ചു.