

ഓർമ കേരളോത്സവം ഡിസംബർ 2, 3 തീയതികളിൽ ദുബായിൽ
ദുബായ്: യുഎഇയുടെ 55-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഓർമയുടെ നേതൃത്വത്തിൽ നടത്തുന്ന കേരളോത്സവം ഡിസംബർ 2, 3 തീയതികളിൽ ദുബായ് അൽ ഖിസൈസിലെ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് നാലുമുതൽ ആഘോഷപരിപാടികൾ അരങ്ങേറും.
ഡിസംബർ 2ന് വൈകിട്ട് 7.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത മലയാള ചലച്ചിത്രതാരം നിഖില വിമൽ പങ്കെടുക്കും. ഡിസംബർ 3ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ബിസിനസ് രംഗത്തെ പ്രമുഖർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികൾ തുടങ്ങിയവരും വിവിധ പരിപാടികളിൽ പങ്കെടുക്കും.
കേരളത്തിന്റെ തനതായ കലാ-സാംസ്കാരിക പൈതൃകവും ഗ്രാമോത്സവത്തിന്റെ വർണവൈവിധ്യവും പ്രവാസമണ്ണിൽ പുനരാവിഷ്കരിക്കുകയാണ് കേരളോത്സവത്തിന്റെ ലക്ഷ്യമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മേളപ്പെരുമയുമായി പഞ്ചാരി, ശിങ്കാരി, പഞ്ചവാദ്യം തുടങ്ങിയ വിവിധ മേളവാദ്യങ്ങളുടെ സമന്വയവും കലാപരിപാടികളും അരങ്ങേറും. പ്രശസ്ത പിന്നണിഗായിക ജോത്സ്നയുടെ ബാൻഡ് പ്രകടനത്തോടൊപ്പം അഭിജിത് ദാമോദരനും ആദ്യദിവസത്തെ സംഗീതവിരുന്നിൽ അണിചേരും. രണ്ടാം ദിവസം യുവഗായകർക്കൊപ്പം പ്രശസ്ത ഗായിക സയനോര, പുഷ്പവതി, അരവിന്ദ് വേണുഗോപാൽ എന്നിവർ അണിനിരക്കുന്ന "തെനാലി ടെയിൽസ്' ബാൻഡ് പ്രകടനവും അരങ്ങേറും.
സാംസ്കാരിക ഘോഷയാത്രയും തെരുവുനാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗംകളി, കോൽക്കളി, പൂരക്കളി, സംഗീതശിൽപം, സൈക്കിൾ യജ്ഞം എന്നിവയും ഉത്സവനഗരിയെ സജീവമാക്കും. കേരളത്തിന്റെ തനതുരുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും ഒരുക്കും. സാഹിത്യസദസ്, പുസ്തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ, യുഎഇയിലെ പ്രമുഖ ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന എന്നിവയും നടക്കും.
നോർക്ക, പ്രവാസി ക്ഷേമനിധി, മലയാളം മിഷൻ തുടങ്ങിയവയുടെ പ്രത്യേക സ്റ്റാളുകളും ഉത്സവനഗരിയിലുണ്ടാകും. പ്രവാസികളുടെ മനസ്സിൽ നാടിന്റെ ഓർമകൾ പുതുക്കുന്നതിനൊപ്പം പുതുതലമുറയെ കേരളത്തിന്റെ ഭാഷ, കല, സംസ്കാരം, പാരമ്പര്യം എന്നിവയോട് ചേർത്തുനിർത്തുന്ന മഹോത്സവമായി കേരളോത്സവം മാറുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കേരളോത്സവം സംഘാടകസമിതി ഭാരവാഹികളായ എൻ കെ കുഞ്ഞഹമ്മദ്, ഷിജു ബഷീർ, അംബുജാക്ഷൻ, പ്രദീപ് തോപ്പിൽ, സോണിയ ഷിനോയ്, ജിസ്മി , റഷീദ് മട്ടന്നൂർ എന്നിവരും റെമിറ്റ്ലി പ്രതിനിധികളായ ഷഹാൻ ഖാൻ, മുഹമ്മദ് കുഞ്ഞി, ഒ ഗോൾഡ് പ്രതിനിധി നാദിയ ബൊട്ടോറോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.