

ഇത്തിഹാദ് റെയ്ൽവേയിൽ യാത്രക്കാരുടെ സുരക്ഷ; കർശന നടപടികളുമായി അധികൃതർ
അബുദാബി: യുഎഇ ദേശീയ റെയ്ൽ ശൃംഖലയായ ഇത്തിഹാദ് റെയ്ൽവേയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നിയമനടപടികളുമായി അധികൃതർ. യാത്രക്കാരുടെ സുരക്ഷിതത്വവും സമാധാനപരമായ അന്തരീക്ഷവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള പാസഞ്ചർ ചാർട്ടറിലെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ ട്രെയ്നിൽ നിന്നോ സ്റ്റേഷനിൽ നിന്നോ പുറത്താക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കൃത്യമായ ടിക്കറ്റോ തിരിച്ചറിയൽ രേഖയോ ഇല്ലാതെ യാത്ര ചെയ്യുക, അടിയന്തര സാഹചര്യങ്ങൾക്കായുള്ള ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുക എന്നിവ ഗുരുതര കുറ്റമായി കണക്കാക്കും. സഹയാത്രക്കാർക്കോ ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള മോശം പെരുമാറ്റം, ഭീഷണിപ്പെടുത്തൽ, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കൽ എന്നിവയ്ക്ക് എതിരെ വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കും. മദ്യം, നിരോധിത ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിച്ച ശേഷമുള്ള യാത്രയും ട്രെയ്നിലോ സ്റ്റേഷൻ പരിസരത്തോ ഉള്ള പുകവലി എന്നിവ പൂർണമായി വിലക്കിയിട്ടുണ്ട്.
മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന അപകടകരമായ വസ്തുക്കൾ, ആയുധങ്ങൾ, അമിത വലിപ്പമുള്ള ലഗേജുകൾ, ഇ-സ്കൂട്ടറുകൾ എന്നിവ കൈവശം വെക്കുന്നതും യാചന, അനുമതിയില്ലാത്ത പരസ്യങ്ങൾ, ചിത്രീകരണങ്ങൾ എന്നിവ നടത്തുന്നതും പുറത്താക്കലിന് കാരണമാകും. നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം ടിക്കറ്റ് തുക തിരികെ നൽകാതെ തന്നെ പുറത്താക്കാനും ആവശ്യമെങ്കിൽ പൊലീസിന് കൈമാറി നിയമനടപടികൾ സ്വീകരിക്കാനും ഇത്തിഹാദ് റെയ്‌ലിന് അധികാരമുണ്ടെന്നും അധികൃതർ പറഞ്ഞു.