എമിഗ്രേഷൻ ക്ലിയറൻസിനായി പ്രവാസികളിൽ നിന്ന് ഈടാക്കിയ പണം പ്രവാസി ക്ഷേമത്തിന് ഉപയോഗിക്കണം: ഹൈക്കോടതിയിൽ ഹർജി

യുഎഇയിലെ മാധ്യമസ്ഥാപന ഉടമയും സാമൂഹിക പ്രവർത്തകനുമായ മാത്തുക്കുട്ടി കടോൺ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ
Money collected from expatriates for emigration clearance should be used for expatriate welfare: Petition in High Court

മാത്തുക്കുട്ടി കടോൺ

Updated on

ദുബായ്: 1983 മുതൽ 2003 വരെയുള്ള കാലയളവിൽ എമിഗ്രേഷൻ ക്ലിയറൻസിനായി സാധാരണക്കാരായ പ്രവാസികളിൽ നിന്ന് ഈടാക്കിയ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

യുഎഇയിലെ മാധ്യമസ്ഥാപന ഉടമയും സാമൂഹിക പ്രവർത്തകനുമായ മാത്തുക്കുട്ടി കടോൺ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ജൂലൈ 29-നകം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.

ബിരുദമില്ലാത്തവരും ഇസിആർ വിഭാഗത്തിൽപ്പെട്ടവരുമായ പ്രവാസികളിൽ നിന്ന് ഒരു ഭാഗത്തേക്കുള്ള വിമാന ടിക്കറ്റിന് തുല്യമായ തുക സെക്യൂരിറ്റി നിക്ഷേപമായി 1983 മുതൽ 2003 വരെയുള്ള കാലയളവിൽ ഈടാക്കിയിരുന്നു. ഈ തുക വർഷങ്ങളായി കേന്ദ്രസർക്കാരിന്‍റെ പക്കൽ കെട്ടിക്കിടക്കുകയാണ്. ഇത് പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി വിനിയോഗിക്കണമെന്നാണ് നിലപാടെന്ന് മാത്തുക്കുട്ടി കടോൺ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെ വിവിധ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്‍റ്സ് ഓഫിസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കൃത്യമായ കണക്കുകൾ കണ്ടെത്താൻ സമയം വേണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീന കോടതിയെ അറിയിച്ചു. ഇതിനായി ഒരു മാസത്തെ സമയം കോടതി അനുവദിക്കുകയും ചെയ്തു. ശേഖരിച്ച നിക്ഷേപങ്ങളിൽ ചിലത് അർഹരായവർക്ക് ഇതിനകം തിരികെ നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി തുക തിരികെ നൽകുകയോ, അവകാശികളില്ലാത്ത തുക പ്രവാസികളുടെ ക്ഷേമത്തിനായി സുതാര്യമായി വിനിയോഗിക്കുകയോ ചെയ്യണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. ജൂലൈ 29-ന് കേന്ദ്രസർക്കാർ സമർപ്പിക്കുന്ന കണക്കുകളിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com