

പ്രിൻസ് ഒഫ് പോയറ്റ്‌സ്: അപേക്ഷിച്ചത് 1500 ലധികം കവികൾ
അബുദാബി: അറബ് ലോകത്തെ പ്രമുഖ ക്ലാസിക്കൽ കാവ്യാലാപന മത്സരമായ 'പ്രിൻസ് ഓഫ് പോയറ്റ്‌സി'ന്‍റെ പന്ത്രണ്ടാം സീസണിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. അബുദാബി പൈതൃക അതോറിറ്റി സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് മുപ്പത്തെട്ട് രാജ്യങ്ങളിൽ നിന്നായി ആയിരത്തിഅഞ്ഞൂറിലധികം കവികൾ അപേക്ഷ സമർപ്പിച്ചു. ജൂലൈ ഏഴ് മുതൽ ഓഗസ്റ്റ് ആറ് വരെയായിരുന്നു മത്സരത്തിലേക്ക് അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നത്.
രജിസ്ട്രേഷൻ പൂർത്തിയായതോടെ മത്സരത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അപേക്ഷകളിൽ നിന്ന് വിദഗ്ധ സമിതി പ്രാഥമികമായി നൂറ്റൻപത് കവികളുടെ പട്ടിക തയ്യാറാക്കും. തുടർന്ന് ഇവരെ അബുദാബിയിലേക്ക് ക്ഷണിച്ച് ജൂറിക്ക് മുന്നിൽ നേരിട്ടുള്ള കാവ്യാലാപന മത്സരം നടത്തും.
ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കവികളാണ് അബുദാബി അൽ റാഹ ബീച്ച് തിയേറ്ററിൽ നടക്കുന്ന തത്സമയ ടെലിവിഷൻ മത്സരങ്ങളിൽ മാറ്റുരയ്ക്കുക. ഒന്നാം സ്ഥാനം നേടുന്ന കവിക്ക് പ്രിൻസ് ഓഫ് പോയറ്റ്‌സ് പട്ടവും പത്തു ലക്ഷം ദിർഹം സമ്മാനത്തുകയും ലഭിക്കും.