

സിനിമക്ക് രാഷ്ട്രീയ ലഷ്യങ്ങളില്ലെന്ന് നിർമാതാവ് കണ്ണൻ രവി
ദുബായ്: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വിവാദത്തിലായ ‘TN 2026: തങ്ക നച്ചത്തിരം’ എന്ന ചിത്രത്തിന്‍റെ യുഎഇ പ്രദർശനത്തിന് തുടക്കമായി. തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പേരിൽ ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്തിൽ ആയിരിക്കെയാണ് യുഎഇ യിൽ ചിത്രം റിലീസ് ചെയ്തത്. ഈ സിനിമയ്ക്ക് യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ദുബായിൽ നടന്ന പരിപാടിയിൽ നിർമാതാവ് കണ്ണൻ രവി വ്യക്തമാക്കി.
ടിവികെ അധ്യക്ഷൻ വിജയ് നായകനായ ‘ജനനായകൻ’ എന്ന സിനിമയ്ക്ക് രാഷ്ട്രീയ കാരണങ്ങളാൽ റിലീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ, സമാനമായ രാഷ്ട്രീയ പരാമർശങ്ങളുള്ള ‘TN 2026’ എന്ന സിനിമയും തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. എന്നാൽ സിനിമയിലെ നായകൻ നട്ടി നടരാജ് അവതരിപ്പിക്കുന്ന ‘ഗുൽക്കന്ത് കുമാർ’ എന്ന കഥാപാത്രത്തിന് വിജയ് യുമായി സാമ്യമില്ലെന്നും ആന്ധ്രയിലെ രാഷ്ട്രീയ നേതാവായ ജഗൻ മോഹൻ റെഡ്ഡിയെയാണ് ലുക്ക് ടെസ്റ്റിനായി മാതൃകയാക്കിയതെന്നും അണിയറ പ്രവർത്തകർ പറയുന്നു. തമ്പി രാമയ്യയുടെ കഥയ്ക്ക് മകൻ ഉമാപതി രാമയ്യയാണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഇത് വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും നിർമാതാവ് കണ്ണൻ രവി സഹ നിർമാതാവ് ദീപക് രവി എന്നിവർ അറിയിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങൾ സിനിമയെ സിനിമയായി മാത്രം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും നിർമ്മാതാക്കളായ കണ്ണൻ രവിയും ദീപക് രവിയും ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സിനിമയുടെ കഥ ഒരു വർഷം മുമ്പേ പൂർത്തിയായതാണെന്നും സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായുള്ള സാമ്യം യാദൃശ്ചികം മാത്രമാണെന്നും നിർമ്മാതാക്കൾ പറഞ്ഞു.തമിഴ് രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുക മാത്രമാണ് ചിത്രം ചെയ്യുന്നത്.
.
സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ, വിജയ്‌യുടെ 'തമിഴക വെട്രി കഴകം' എന്ന പാർട്ടിയെയും രജനീകാന്തിനെയും ചിത്രം ലക്ഷ്യം വെക്കുന്നു എന്ന് ആരോപണമുയർന്നിരുന്നു. ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജികളും എത്തിയിരുന്നു.ഉമാപതി രാമയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് തമ്പി രാമയ്യയാണ്. നടൻ നട്ടിയാണ് ചിത്രത്തിലെ നായകൻ.തിരഞ്ഞെടുപ്പ് വേളയിൽ സിനിമ പുറത്തിറങ്ങുന്നതിനാലാണ് ഇത്തരത്തിലുള്ള ചർച്ചകൾ ഉണ്ടാകുന്നതെന്നും നിർമ്മാതാക്കൾ ദുബായിൽ പറഞ്ഞു