നിധീഷ് (യുകെ)
വംശീയ കലാപത്തിന്‍റെ ഭീതിയിലാണ് യുകെയിലെ വിദേശികൾ. രണ്ടാഴ്ച മുൻപ് മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് രണ്ട് മുസ്ലിം വംശജരായ ചെറുപ്പക്കാരെ പോലീസ് മർദ്ദിച്ചതിനെച്ചൊല്ലിയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മർദനത്തിൽ പ്രതിഷേധിച്ച് യുകെ യിലെ മുസ്ലിം വംശജർ പ്രക്ഷോഭം സംഘടിപ്പിച്ചത് തദ്ദേശവാസികളെ ചൊടിപ്പിച്ചു. മൂന്ന് ദിവസം മുൻപ് ലിവർപൂൾ സൗത്ത് പോർട്ടിൽ പതിനേഴു വയസ്സുകാരൻ ഡാൻസ് ക്ലാസ്സിൽ പങ്കെടുത്തു കൊണ്ടിരുന്ന മൂന്ന് ഇംഗ്ലീഷ് കുട്ടികളെ മാരകായുധം വെച്ച് കൊലപ്പടുത്തിയ സംഭവം യുകെയെ നടുക്കിയിരുന്നു. കൊലയാളി മുസ്ലിം വശംജനാണന്ന ധാരണയിൽ യു.കെയിൽ പരക്കെ ആക്രമണം നടന്നു.
യുകെയുടെ നിയമമനുസരിച്ച് പതിനെട്ട് വയസ്സിൽ താഴെയുള്ളവർ കുറ്റം ചെയ്തു കഴിഞ്ഞാൽ പ്രതിയുടെ പേര് പരസ്യമാക്കാറില്ല. എന്നാൽ പ്രശ്നം രൂക്ഷമായതോടെ കോടതിയുടെ പ്രത്യേക ഉത്തരവിനാൽ കൊലപാതം നടത്തിയത് മുസ്ലിം വംശജനല്ലെന്നും യുകെ നിവാസി തന്നെയാണെന്നും പോലീസ് പുറത്തു വിട്ടു. പ്രതി മറ്റൊരു യൂറോപ്യൻ രാജ്യത്തുനിന്നും കുടിയേറി പാർത്തു വന്ന ഒരു ബ്രിട്ടീഷ് സിറ്റിസൺ തന്നെയായിരുന്നു. ഇതോടെ മുസ്ലിം വംശജർക്കെതിരായിട്ടുള്ള ആക്രമണം കുറഞ്ഞു. എങ്കിലും ഇപ്പോഴും ഇംഗ്ലീഷ് അല്ലാത്ത എല്ലാ വിദേശികൾക്കെതിരെയും ആക്രമണം തുടരുകയാണ്. പോലീസും ഗവൺമെന്‍റും കാര്യമായി ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ആക്രമണം അങ്ങിങ്ങായി നടക്കുന്നു. ഇത് മൂലം യുകെയിലെ വിദേശികൾ പരിഭ്രാന്തിയിലായിരുന്നു.
എന്തു വില കൊടുത്തും പ്രശ്നത്തെ അമർച്ച ചെയ്യുമെന്ന് ഗവൺമെന്‍റ് അറിയിച്ചിട്ടുണ്ട്. പ്രശ്നം താത്ക്കാലികമാണന്നും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും യുകെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ഒറ്റയ്ക്കോ ഒറ്റപ്പെട്ട സ്ഥലത്തൂടെയോ നടക്കരുതെന്നും കരുതൽ വേണമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.