

ആദ്യ അധ്യയന ദിവസം സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്
ദുബായ്: അധ്യയന വർഷത്തെ ആദ്യ ദിവസം സർക്കാർ ജീവനക്കാർക്കായി യുഎഇ സർക്കാർ സൗകര്യപ്രദമായ ജോലി സമയം പ്രഖ്യാപിച്ചു. മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്ക് സ്കൂൾ തുറക്കുന്ന ആദ്യ ദിവസം ജോലിക്ക് എത്തുന്നതിൽ മൂന്ന് മണിക്കൂർ വരെ ഇളവ് അനുവദിക്കുന്നതാണ് പുതിയ തീരുമാനം.
ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറക്കിയത്. സ്കൂളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാതാപിതാക്കൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനും, കുടുംബത്തോടൊപ്പം ഈ നിമിഷങ്ങൾ പങ്കിടാൻ അവസരം നൽകാനുമാണ് ഈ നടപടി.
കുട്ടികൾക്ക് മികച്ച പിന്തുണ നൽകുന്നതിനൊപ്പം സർക്കാർ ജീവനക്കാരുടെ ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിർത്താനും ഇത്തരം മാനുഷിക സമീപനങ്ങൾ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.