

സൗദിയിൽ വാഹനാപകടം; 2 മലയാളി നഴ്സുമാരുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം
റിയാദ്: മക്ക പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ അടക്കം 5 പേർ മരിച്ചു. മരിച്ച മറ്റ് രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. മറ്റൊരാൾ സൗദി പൗരനാണ്. അപകടത്തിൽ മരിച്ച നാല് ഇന്ത്യക്കാരും നഴ്സുമാരായി ജോലി ചെയ്യുന്നവരാണ്.
കോട്ടയം പാല സ്വദേശി ജെയ്സിമോൾ മാത്യു (46), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോൺ (26) എന്നീ മലയാളികളാണ് മരിച്ചത്. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ. മരിച്ച സൗദി പൗരൻ വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു.
അവധി ദിനമായതിനാൽ പർച്ചേസിനായി മക്കയിലെ റാനിയ എന്ന സ്ഥലത്തേക്ക് വന്നതായിരുന്നു. ഇവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.