

കടുത്ത വേനൽ: ഡെലിവറി റൈഡർമാർക്ക് ക്ഷേമ പദ്ധതിയുമായി ദുബായ് ആർടിഎ
ദുബായ്: ദുബായിൽ കടുത്ത വേനൽച്ചൂടിൽ ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ ബോധവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ഡെലിവറി പ്ലാറ്റ്‌ഫോമായ കീറ്റയുമായി സഹകരിച്ചാണ് ഡെലിവറി റൈഡർമാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ വേനൽക്കാലം എന്ന പേരിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.
വേനൽക്കാലത്ത് റൈഡർമാരിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് ആർടിഎ മുൻഗണന നൽകുന്നത്. ഈ ക്യാംപെയ്ന്‍റെ ഭാഗമായി റൈഡർമാർക്ക് അയ്യായിരം ആരോഗ്യ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യും.
വേനൽച്ചൂടിൽ സൂര്യാഘാതവും നിർജലീകരണവും ഒഴിവാക്കാൻ സഹായിക്കുന്ന മെഡിക്കൽ സാമഗ്രികൾ, കൂളിങ് ടവൽ, കൈ വിശറി എന്നിവ അടങ്ങിയതാണ് ഈ കിറ്റുകൾ. കൂടാതെ റൈഡർമാർക്കായി ആരോഗ്യ പരിശോധനകളും സൗജന്യ കൺസൾട്ടേഷനുകളും അതോറിറ്റി ക്രമീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന അപകടരഹിത വേനൽക്കാലം എന്ന പദ്ധതിയുടെ ഭാഗമായാണ് ആർടിഎ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്.
ദുബായുടെ സാമ്പത്തിക ഗതാഗത മേഖലകളിൽ നിർണായക പങ്കുവഹിക്കുന്ന ഡെലിവറി തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യമെന്ന് ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി.