

ഷാർജ സിഎസ്ഐ ഇടവക കൊയ്ത്തുത്സവം ഞായറാഴ്ച
ഷാർജ: ഷാർജ സിഎസ്ഐ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം ഞായറാഴ്ച നടക്കും. ആദ്യഫല സമർപ്പണം, കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യ വിരുന്ന് എന്നിവയുൾപ്പെടെ വിപുലമായ ആഘോഷങ്ങളാണ് കൊയ്ത്തുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
നാടൻ വിഭവങ്ങൾക്ക് പുറമേ ചൈനീസ്, അറബിക് വിഭവങ്ങളും ഉൾകൊള്ളുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ലഘുഭക്ഷണ സ്റ്റാളുകൾ രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കും.
വൈബ് ഫ്യൂഷൻ ടീമിന്റെ ബാൻഡ് മേളം, ഓറ മ്യൂസിക് ബാൻഡിന്റെ ഗാനമേള, ചാക്യാർകൂത്ത് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഇടവകയിലെ കുട്ടികളും മുതിർന്നവരുമായ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും.
യുഎഇയിലെ വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ളവരും ഇതര മതവിശ്വാസികളും ഉൾപ്പെടെ ആയിരത്തിലധികം പേർ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് ഇടവക വികാരി ജേക്കബ് ജോർജ്, ജനറൽ കൺവീനർമാരായ ബിജോ മാത്യു അലക്സാണ്ടർ, സൈജു മാത്യു, കോ-കൺവീനർ വർഗീസ് പി. സാം, പബ്ലിസിറ്റി കൺവീനർമാരായ സുശീല ജോൺ, ബിജു തോമസ് ഓവനലിൽ എന്നിവർ അറിയിച്ചു.