ദുബായിൽ സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ഫ്രീലാൻസ് വിസ വിൽപ്പന: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

തട്ടിപ്പ് നടത്തുന്നവരും അതിന് ഇരയാകുന്നവരും തമ്മിലുള്ള ഇടപെടലുകൾ പലപ്പോഴും യുഎഇയിലെത്തുന്നതിന് മുമ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
Social media influencer arrested for selling fake freelance visas through social media in Dubai

ദുബായിൽ സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ഫ്രീലാൻസ് വിസ വിൽപ്പന: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

Updated on

ദുബായ്: സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ഫ്രീലാൻസ് വിസ വിൽപ്പനകൾക്കെതിരേ ദുബായിൽ ശക്തമായ നടപടി സ്വീകരിക്കുന്നു. ഇത്തരത്തിൽ വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് ജോലി തേടുന്നവരെ കബളിപ്പിച്ച് പണം കൈപ്പറ്റിയ കേസിൽ യു എ ഇ യിലെ ഗായകനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ദുബായ് താമസ കുടിയേറ്റ വകുപ്പ് ദുബായ് പൊലീസിന്‍റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തു.

40 പേരെ ലക്ഷ്യമിട്ട തട്ടിപ്പിൽ ഓരോരുത്തരിൽനിന്നും 7,000 മുതൽ 9,000 ദിർഹം വരെ ഇയാൾ ഈടാക്കിയതായി അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ വ്യക്തിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

തട്ടിപ്പ് നടത്തുന്നവരും അതിന് ഇരയാകുന്നവരും തമ്മിലുള്ള ഇടപെടലുകൾ പലപ്പോഴും യുഎഇയിലെത്തുന്നതിന് മുമ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിസ, സന്ദർശനം, താമസം എന്നിവ സംബന്ധിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്താൻ ജിഡിആർഎഫ്എ ദുബായ് ഇലക്ട്രോണിക്, ഫീൽഡ് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം, ദുബായ് പൊലീസ് തുടങ്ങിയ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപിച്ചാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായിലെ വയലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് ഫോളോ-അപ്പ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജീഫ് അൽ സാബി പറഞ്ഞു

താമസ, സന്ദർശന നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതിക പദ്ധതി ജിഡിആർഎഫ്എ ദുബായ് പൂർത്തിയാക്കിയതായും അൽ മർറി അറിയിച്ചു.

യുഎഇയിലേക്ക് തൊഴിൽ ആവശ്യത്തിനോ സന്ദർശനത്തിനോ എത്താൻ ആഗ്രഹിക്കുന്നവർ വിസയുമായി ബന്ധപ്പെട്ട ഇടപാടുകൾ ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളിലൂടെയും അംഗീകൃത ചാനലുകളിലൂടെയും മാത്രം നടത്തണമെന്ന് അൽ മർറി ആവശ്യപ്പെട്ടു.

ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ടോൾഫ്രീ നമ്പറായ 800 5111ലൂടെയും ജിഡിആർഎഫ്എയുടെ വിവിധ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവരമറിയിക്കണമെന്ന് ലഫ്: ജനറൽ മുഹമ്മദ് അൽ മർറി ആവശ്യപ്പെട്ടു

logo
Metro Vaartha
www.metrovaartha.com