ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: ആഗോള വിപണിയിൽ 100 കോടി ബാരൽ എണ്ണയുടെ കുറവുണ്ടായതായി സൗദി അരാംകോ

എണ്ണനീക്കം പുനരാരംഭിച്ചാൽ പോലും വിപണി പഴയ നിലയിലേക്ക് മടങ്ങാൻ സമയമെടുക്കുമെന്ന് അരാംകോ സിഇഒ അമിൻ നാസർ
Strait of Hormuz crisis: Saudi Aramco says global market shortfall of 1 billion barrels of oil

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: ആഗോള വിപണിയിൽ 100 കോടി ബാരൽ എണ്ണയുടെ കുറവുണ്ടായതായി സൗദി അരാംകോ

Updated on

റിയാദ്: യു എസ് - ഇറാൻ സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസപ്പെട്ടതിനെത്തുടർന്ന് ആഗോള വിപണിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 100 കോടി ബാരൽ എണ്ണയുടെ കുറവുണ്ടായതായി സൗദി എണ്ണ കമ്പനിയായ അരാംകോ വ്യക്തമാക്കി.

"എണ്ണനീക്കം പുനരാരംഭിച്ചാൽ പോലും വിപണി പഴയ നിലയിലേക്ക് മടങ്ങാൻ സമയമെടുക്കും. ഊർജ വിതരണം തടസമില്ലാതെ തുടരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെങ്കിലും നിലവിലെ സാഹചര്യം വലിയ വെല്ലുവിളിയാണ്," അരാംകോ സിഇഒ അമിൻ നാസർ പറഞ്ഞു.

എണ്ണ വിതരണത്തിൽ കുറവുണ്ടായെങ്കിലും വില വർദ്ധനവ് കാരണം അരാംകോയുടെ ഒന്നാം പാദത്തിലെ ലാഭത്തിൽ 25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 12,013 കോടി സൗദി റിയാലാണ് (ഏകദേശം 32 ബില്യൺ ഡോളർ) കമ്പനിയുടെ ലാഭം. ഹോർമുസ് കടലിടുക്ക് വഴിയുള്ള തടസം മറികടക്കാൻ സൗദി അറേബ്യ തങ്ങളുടെ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ' വഴിയുള്ള എണ്ണനീക്കം സജീവമാക്കിയിട്ടുണ്ട്. ചെങ്കടൽ വഴി എണ്ണ എത്തിക്കാനുള്ള ശ്രമമാണിത്.

ആഗോള എണ്ണ ശേഖരം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും വിതരണത്തിലെ തടസം തുടർന്നാൽ അത് വിമാനയാത്ര, കൃഷി, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളെ ദോഷകരമായി ബാധിക്കുമെന്നും അരാംകോ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണക്കപ്പലുകൾ പാതിവഴിയിൽ കുടുങ്ങിക്കിടക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com