സുഗതാഞ്ജലി മലയാളം മിഷൻ അബുദാബി ചാപ്റ്റർതല മത്സരം: അഞ്ജലിയും കാർത്തിക്കും ജേതാക്കൾ

ഇരുവരും അബുദാബി മലയാളി സമാജം മേഖലയ്ക്ക് കീഴിലുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ വിദ്യാർഥികളാണ്
Sugathanjali Malayalam mission Abu Dhabi chapter competition winners

കാർത്തിക് സന്തോഷും അഞ്ജലി വെത്തൂരും

Updated on

അബുദാബി: മലയാളത്തിന്‍റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ച് മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ചുവരുന്ന അഞ്ചാമത് 'സുഗതാഞ്ജലി കാവ്യാലാപനമത്സര'ത്തിന്‍റെ ഭാഗമായി മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അഞ്ജലി വെത്തൂരും സബ്ജൂനിയർ വിഭാഗത്തിൽ കാർത്തിക് സന്തോഷും ഒന്നാം സ്ഥാനം നേടി. ഇരുവരും അബുദാബി മലയാളി സമാജം മേഖലയ്ക്ക് കീഴിലുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ വിദ്യാർഥികളാണ്.

നൃത്ത, അഭിനയ, സംഗീത രംഗത്ത് ശ്രദ്ധേയയായ അഞ്ജലി വെത്തൂർ മുരടൻ എന്ന സിനിമയിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ സോഷ്യൽ സെന്‍ററിന്‍റെയും അബുദാബി മലയാളി സമാജത്തിന്‍റെയും കലാതിലകമായ അഞ്ജലി ജെംസ് ന്യൂ മില്ലേനിയം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

കാർത്തിക് സന്തോഷ് അബുദാബി മോഡൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഇത്തവണ ഒഎൻവിയുടെ കവിതകളായിരുന്നു മത്സരത്തിനായി പരിഗണിച്ചത്. ജൂനിയർ വിഭാഗത്തിൽ കേരള സോഷ്യൽ സെന്‍റർ മേഖലയിലെ വേദ മനു രണ്ടാം സ്ഥാനവും സമാജം മേഖലയിലെ വിദ്യാർഥികളായ മാധവ് സന്തോഷ് ദേവി തരുണിമ പ്രഭു എന്നിവർ മൂന്നാം സ്ഥാനവും നേടി.

സബ് ജൂനിയർ വിഭാഗത്തിൽ ഷാബിയാ മേഖലയിലെ അമേയ അനൂപ്, മലയാളി സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ ദിൽഷാ ഷാജിത്ത്, ശ്രേയ ശ്രീലക്ഷി കൃഷ്ണ എന്നിവർക്കും സബ് ജൂനിയർ വിഭാഗത്തിൽ മീനാക്ഷി മേലേപ്പാട്ടിനും പ്രോത്സാഹന സമ്മാനം ലഭിച്ചു. ചാപ്റ്റർതല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവരായിരിക്കും ആഗോള തലത്തിൽ മത്സരിക്കുന്നത്. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കവികളുമായ നാസർ വിളഭാഗം, അനിൽ പുതുവയൽ, അനന്തലക്ഷ്മി ഷെരീഫ് എന്നിവരായിരുന്നു വിധികർത്താക്കൾ.

കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് എ. കെ. ബീരാൻകുട്ടി മത്സരം ഉദ്ഘാടനം ചെയ്തു. നാദലയം മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിഷ്ണു മോഹൻദാസ്, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, മേഖല കോർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com